വാഹനാപകടം: രണ്ടു യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: പടിഞ്ഞാറെ കോട്ടയ്ക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലറ വെള്ളംകുടി അഭിവിലാസത്തില്‍ അഭിലാല്‍ (24), മര്യാപുരം സ്വദേശി അഭിലാഷ് (25) എന്നിവരാണ് മരിച്ചത്. രാത്രി 11.45 ഓടെയായിരുന്നു അപകടം. വിമാനത്താവളത്തിലെ മാളില്‍ ജീവനക്കാരനാണ് അഭിലാല്‍. ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്ത് അഭിലാഷിനോടൊപ്പം പാപ്പനംകോട്ടെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ പടിഞ്ഞാറെ കോട്ടയില്‍ നിന്നും ബൈപ്പാസ് റോഡിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും ലോറിക്കും തീപിടിച്ചു. ഇതേതുടര്‍ന്ന് വന്‍സ്‌ഫോടന ശബ്ദമുണ്ടായി. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഫോര്‍ട്ട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍