സിബിഐ ഉന്നതന് ഒരു ദിവസത്തെ തടവും ഒരു ലക്ഷം പിഴയും

ന്യൂഡല്‍ഹി: കോടതി നിര്‍ദേശം മറികടന്ന് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സിബിഐ ഉന്നത ഉദ്യോഗസ്ഥനും മുന്‍ ഇടക്കാല ഡയറക്ടറുമായ എം.നാഗേശ്വര്‍ റാ വുവിനെ ഒരു ദിവസം തടവിനു ശിക്ഷിച്ച് സുപ്രീം കോടതി. റാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എസ്. ഭസു റാമും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇദ്ദേഹത്തിനും ഒരു ലക്ഷം രൂപയും ഒരു ദിവസത്തെ തടവുമാണ് ശിക്ഷിച്ചത്. കോടതി പിരിയുംവരെ ഇരുവരും പുറത്തുപോകരുതെന്നായിരുന്നു ശിക്ഷ. ഇതൊരു കേവല പിഴവല്ലെന്നും മനപൂര്‍വമായ അനുസരണക്കേടാണെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുവരോടും കോടതിയുടെ മൂലയിലേക്ക് മാറിയിരിക്കാന്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു. കോടതി പിരിയുംവരെ പുറത്തുപോകരുതെന്നും ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്നും ഉത്തരവിട്ടു. റാവുവിന്റെ സര്‍വീസില്‍ ഇക്കാര്യം രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.ഉദ്യോഗസ്ഥരോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായി. ഇതുവരെ യാതൊരു ആക്ഷേപങ്ങളുമില്ലാത്ത, മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ഉദ്യോഗസ്ഥനാണ് നാഗേശ്വര റാവു. അതിനാല്‍ അദ്ദേഹത്തിന്റെ മാപ്പപേക്ഷ പരിഗണിച്ച് കോടതിയില്‍ നിന്നും ദയ ഉണ്ടാകണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇവരെ തങ്ങള്‍ക്ക് 30 ദിവസത്തേക്ക് ജയിലേക്ക് അയക്കാന്‍ കഴിയുമെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ രൂക്ഷമായ പ്രതികരണം. റാവുവിന്റെ ശിക്ഷ സുപ്രീം കോടതിയുടെ ചരിത്രത്തിലെ തന്നെ അപൂര്‍വ സംഭവമായി.റാവു നല്‍കിയ മാപ്പ് അപേക്ഷ തള്ളിയായിരുന്നു കോടതി ശിക്ഷിച്ചത്. ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനായ എ.കെ ശര്‍മയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് നപടി. ശര്‍മയെ സ്ഥലംമാറ്റരുതെന്ന് കോടതി നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് റാവു പ്രവര്‍ത്തിച്ചത്.മുസഫര്‍പൂര്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന ശര്‍മ്മയെ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ ഉടനാണ് നാഗേശ്വര റാവു സ്ഥലംമാറ്റിയത്. ഇത് ചോദ്യം ചെയ്ത് ശര്‍മ്മ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ, കോടതിയുടെ അനുമതി കൂടാതെ സ്ഥലംമാറ്റിയത് കോടതി അലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ദൈവത്തിന് മാത്രമേ ഇനി നാഗേശ്വരറാവുവിനെ രക്ഷിക്കാനാകൂ എന്നായിരുന്നു കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍