ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ പൊതുമിനിമം പരിപാടിയുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയെ പരാജയപ്പെടുത്താന്‍ പൊതുമിനിമം പരിപാടിയുമായി പ്രതിപക്ഷം. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ബുധനാഴ്ച രാത്രി എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ആദ്യമായാണ് കോണ്‍ഗ്രസിനൊപ്പം പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ കെജ്‌രിവാള്‍ പങ്കെടുക്കുന്നത്. മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ച് പോരാടുമെന്ന് പിന്നീട് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും പ്രതിപക്ഷം ഒരുമിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്ബുതന്നെ സഖ്യമുണ്ടാക്കുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. തെലുങ്കുദേശം നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍