ഭരണനിര്‍വഹണത്തില്‍ മാതൃഭാഷ ഒഴിവാക്കുന്നത് മനുഷ്യാവകാശലംഘനം: മന്ത്രി കെ. രാജു

പത്തനംതിട്ട: ഭരണനിര്‍വഹണത്തിന് മാതൃഭാഷ ഉപയോഗി ക്കാതിരിക്കുന്നത് ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മന്ത്രി കെ. രാജു. സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു മന്ത്രി. ജനങ്ങളോട് വോട്ട് ചോദിച്ച ഭാഷയില്‍ ഭരണം നടത്തേണ്ട ധാര്‍മികമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഭരണസംവിധാനത്തില്‍ മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷി തമാണ്. ന്യൂനപക്ഷ ഭാഷകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് ഭരണഭാഷയായ മലയാളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി രാജു അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര(ഔദ്യോഗികഭാഷ) വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മായില്‍കുഞ്ഞ് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. ബി.വി. ശശികുമാര്‍ ഭരണഭാഷ സംബന്ധിച്ച് പ്രഭാഷണം നടത്തി. വകുപ്പ് ഭാഷാവിദഗ്ധന്‍ ആര്‍. ശിവകുമാര്‍ കേരളത്തിലെ ഭരണഭാഷ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. വകുപ്പ് സെക്ഷന്‍ ഓഫീസര്‍ എ.അജിത് പ്രസാദ് ഔദ്യോഗികഭാഷാ മാര്‍ഗരേഖകള്‍ ഉദ്യോഗസ്ഥര്‍ക്കായി വിവരിച്ചു. കേരളത്തിലെ ഭരണഭാഷാപ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടത്തി. എഡിഎം പി.ടി. ഏബ്രഹാം, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍