പുനരധിവാസ ഫണ്ട് നല്‍കിയവരുടെ വിവരം അറിയിക്കണമെന്നു കോടതി

കൊച്ചി: സംസ്ഥാനത്തു കഴിഞ്ഞവര്‍ഷം പ്രളയബാധിതര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കു പുനരധിവാസത്തിനു ഫണ്ട് നല്‍കിയിട്ടുണ്ടോയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ബേപ്പൂര്‍ തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ 2017 നവംബര്‍ 11ന് അജ്ഞാത കപ്പലിടിച്ച് ഇമ്മാനുവല്‍ എന്ന ബോട്ടു തകര്‍ന്നു നാലു പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതിയുടെ നിര്‍ദേശം. അപകടം ഉണ്ടാക്കിയ കപ്പല്‍ കണ്ടെത്താനും മതിയായ നഷ്ടപരിഹാരം ലഭിക്കാനും ഇവരുടെ ബന്ധുക്കളായ തിരുനെല്‍വേലി കൂടംകുളം സ്വദേശി കാര്‍ത്തിക് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവത്തില്‍ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം പോലും നല്‍കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്തരം അപകടങ്ങളില്‍ വിധവകളായവര്‍ക്കു സംരക്ഷണവും ഉപജീവനത്തിനു പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 ജനുവരി ഒന്നു മുതലുള്ള കാലയളവില്‍ പ്രളയദുരിത ബാധിതരല്ലാത്ത മറ്റാര്‍ക്കൊക്കെ പുനരധിവാസത്തിനു ഫണ്ട് നല്‍കിയെന്നതടക്കം വിശദമായ വിവരങ്ങള്‍ 22 നകം ചീഫ് സെക്രട്ടറി അറിയിക്കണം.
ദുരന്തങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനായി ഏതെങ്കിലും ഫണ്ടോ, വ്യവസ്ഥകളോ ഉണ്ടോയെന്നും ഇക്കാലയളവില്‍ ദുരന്തത്തിനോ കുറ്റകൃത്യത്തിനോ ഇരയായവരുടെ വിധവകള്‍ക്കോ ആശ്രിതര്‍ക്കോ ജോലി നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍