സഹോദരനെതിരെ ആരോപണവുമായി കനകദുര്‍ഗ

മലപ്പുറം: തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ബിന്ദുവിനൊപ്പം മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബി.ജെ.പിയും മറ്റു ചില സംഘടനകളും പിറകില്‍ നിന്ന് സഹോദരന്‍ ഭരത്ഭൂഷനെ ഉപയോഗിച്ച് ഇതുവരെ നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കുകയാണ്. പ്രത്യക്ഷത്തില്‍ അക്രമിക്കാനാവാത്തതിനാല്‍ കുടുംബത്തെ ഉപയോഗിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നു . ശബരിമല ദര്‍ശനത്തിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുമ്പോഴുണ്ടായിരുന്ന ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാണ്. ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുന്നുണ്ട്. വീട്ടില്‍ കയറ്റില്ലെന്നോ ഒരുമിച്ച് ജീവിക്കില്ലെന്നോ ഉള്ള നിലപാട് ഭര്‍ത്താവിനില്ല.
ഒറ്റപ്പെടുത്തി മലപ്പുറത്ത് നിന്നും ഓടിക്കാനാണ് ശ്രമം. കേരളത്തില്‍ നിന്നും വ്യാപകമായ പിന്തുണ കിട്ടുന്നുണ്ടെങ്കിലും കുടുംബത്തില്‍ നിന്നും നാട്ടില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ല. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്ക് മടങ്ങാനും കേരളത്തിലെ മുഴുവന്‍ പുരോഗമന ശക്തികളും ഒപ്പം നില്‍ക്കണം. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലുകള്‍ക്കെതിരെയും കുട്ടികളെ വിട്ടുകിട്ടാനും നിയമനടപടി സ്വീകരിക്കും. തങ്ങളെ കൂടാതെ മൂന്ന് പേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി വ്യക്തിപരമായി അറിയാം ഇരുവരും പറഞ്ഞു.സുഭദ്ര, അഡ്വ. പുഷ്പ, സപ്ലൈകോ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് (സി.ഐ.ടി.യു.) മുജീബ് റഹ്മാന്‍, ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍