കോല്‍ക്കത്ത: സിബിഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാന്‍ തയാറാണെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോല്‍ക്കത്തയിലെ മെട്രോ ചാനലില്‍ സമരം നടത്തുന്ന മമതയെ സന്ദര്‍ശിക്കാനെത്തിയ ആര്‍ജെഡി, ഡിഎംകെ നേതാക്കളെ സ്വാഗതം ചെയ്യവെയാണ് മമത വിട്ടുവീഴ്ചയുടെ സൂചനകള്‍ നല്‍കിയത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവും ഡിഎംകെ നേതാവ് കനിമൊഴിയുമാണ് മമതയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചത്. സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും ഇരു നേതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട് മമത പറഞ്ഞു. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കുന്നതിനോട് ഇതുവരെ മമതയ്ക്കു മമതയുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു മൂന്നാം മുന്നണിയാണ് മമത ലക്ഷ്യമിട്ടതും. ഇതിന്റെ ഭാഗമായാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ മാസം 23 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത മഹാറാലി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു എതിരാളി കൂടി ഉണ്ടാകുന്നതിനുള്ള എതിര്‍പ്പായിരുന്നു കാരണമെന്നാണ് ഇതു സംബന്ധിച്ച വിലയിരുത്തല്‍. മൂന്നാം മുന്നണി രൂപീകരിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള മത്സരം ഒഴിവാക്കാമെന്ന് മമത കണക്കുകൂട്ടി. എന്നാല്‍ ഇതില്‍ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നാണ് മമതയുടെ പരാമര്‍ശം സൂചിപ്പിക്കുന്നത്. സിബിഐ റെയ്ഡ് വിഷയത്തില്‍ മമതയ്ക്കു പിന്തുണയുമായി ആദ്യം രംഗത്തുവന്നിരുന്നവരില് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്ഗൊണ് സിബിഐ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ഇല്ലാതാക്കന്‍ സിബിഐയെ ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.ദേശീയ തലയത്തില് സഹകരിക്കുമ്പോഴും സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ എതിരാളികളായി തുരുമെന്ന സവിശേഷതയും പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യസാധ്യതയില്‍ മുന്നിട്ടുനില്ക്കുന്നുണ്ട്.
0 അഭിപ്രായങ്ങള്‍