പ്രൊമോഷനും ഡീപ്രൊമോഷനും

കേരളാ പോലീസിന്റെ ചരിത്രത്തില്‍ കാര്യമായി കേട്ടുകേള്‍വിയിലില്ലാത്ത ഒരു നടപടിയാണ് ഇക്കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പതിനൊന്ന് ഡി.വൈ.എസ്.പി.മാരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി തരം താഴ്ത്തിയിരിക്കുന്നു. എല്ലാവരും ഏതാണ്ട് മൂന്ന് വര്‍ഷക്കാലം ഡി.വൈ.എസ്.പി.മാരായി ജോലി ചെയ്തവര്‍. ഈ തരം താഴ്ത്തലിന്റെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായാലും ഈ പതിനൊന്ന് പേരുടെയും ജീവിതത്തില്‍ വ്യക്തിപരമായും കുടുംബപരമായും സമൂഹ്യമായുമെല്ലാം അസ്വസ്ഥത അനുഭവപ്പെടും എന്നതുറപ്പ്. തീര്‍ച്ചയായും ഈയൊരികഴ്ത്തലിന് തികച്ചും ന്യായീകരിക്കത്തക്ക കാരണങ്ങളുണ്ടായിരിക്കാം. ഇങ്ങിനെ കൂട്ടത്തോടെ ഒരു കടുത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിന്റെകാര്യകാരണങ്ങളും യുക്തിയും. നിയമസാംഗത്യവുമൊക്കെ ശരിക്കും പരിശോധിച്ച് മാത്രമല്ലെ മുന്നോട്ടു പോവുകയും തീരുമാനമെടുക്കുകയുമുള്ളൂ. എന്നാലും വ്യക്തിപരമായി ഈ ഉദ്യോഗസ്ഥര്‍ക്ക് കനത്ത നഷ്ടബോധമുണ്ടാവുകയും തങ്ങളുടെ മുന്നോട്ടുള്ള കൃത്യനിര്‍വഹണങ്ങളെ അത് സാരമായി ബാധിക്കുകയും ചെയ്യുമെന്ന് തീര്‍ച്ച തന്നെ. ഇവരില്‍ പകുതിയിലധികം പേര്‍ക്കുമെതിരെ സി.ബി.ഐ, സംസ്ഥാന ക്രൈം ബ്രാഞ്ച്, വിജിലന്‍സ് എന്നീ അന്വേഷണ ഏജന്‍സികള്‍. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ഈ 11 പേരെയും തരം താഴ്ത്തുകയും ചെയ്തു. സ്വാഭിവകമായും ഈ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇവര്‍ അഡമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ നാല് പേര്‍ ഉത്തരവിന് സ്റ്റേ വാങ്ങിക്കഴിഞ്ഞു. മുമ്പ് ഇവരെ അന്നത്തെ വകുപ്പ്തല പ്രൊമോഷന്‍ കമ്മിറ്റി സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികസ്ഥാനക്കയറ്റം എന്ന പേരില്‍സര്‍ക്കാര്‍ ഉത്തരവിറക്കി പോസ്റ്റിങ്ങ് കൊടുത്തു. എന്നാലിപ്പോള്‍ പുതുതായി കൂടിയ വകുപ്പുതല കമ്മിറ്റി ആ തീരുമാനം ചട്ടവിരുദ്ധമാണെന്ന് പറയുന്നു. ഇതിലെ മറിമായമാണ് മനസ്സിലാവാത്തത്. ഇങ്ങിനെയൊരവസ്ഥയില്‍ ഈ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിലും ഭേദം അവര്‍ക്ക് ബന്ധപ്പെട്ട കേസ്സുകളിലെ അന്തിമ തീരുമാനമാവുന്നത് വരെ പ്രൊമോഷന്‍ കൊടുക്കാതിരിക്കുന്നതായിരുന്നു. പക്ഷെ എന്തു ചെയ്യാന്‍, കാര്യങ്ങള്‍ നേരെ ചൊവ്വേ തോന്നേണ്ടവര്‍ക്ക് തോന്നേണ്ട സമയത്ത് തന്നെ തോന്നണമല്ലോ. ഏതായാലും പോലീസില്‍ ക്രമരഹിതമായി ജോലി ചെയ്യുന്നവരായി ഇനിയും ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് സംഭവം ഒരു മുന്നറിയിപ്പു കൂടിയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍