മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നല്‍കാന്‍ നിര്‍ദേശിച്ച രണ്ടരലക്ഷം രൂപയില്‍ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച ഒരു ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കമ്മീഷന്‍ നല്‍കാന്‍ നിര്‍ദേശിച്ച രണ്ടരലക്ഷത്തില്‍ ബാക്കിയുള്ള ഒന്നരലക്ഷം രൂപ എപ്പോള്‍ കുടുംബത്തിന് കൈമാറുമെന്ന് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന റിപ്പോര്‍ട്ട് മാര്‍ച്ച് 20 നകം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് 26 ന് രാവിലെ പത്തരക്ക് കമ്മീഷന്റെ പി എം ജി ജംഗ്ഷനിലുള്ള ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് കേസ് പരിഗണിക്കും.
ബാലരാമപുരം ആര്‍ സി തെരുവ് പള്ളിവിളാകത്ത് വീട്ടില്‍ രാജേശ്വരി നല്‍കിയ പരാതിയിലാണ് നടപടി. കടലിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മൂന്നു മാസത്തോളം ചികിത്സയിലായിരുന്ന ഭര്‍ത്താവ് സണ്ണി 2017 ഫെബ്രുവരി 15 ന് മരിച്ചു. 
മരിച്ച സണ്ണി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വമെടുക്കാത്തതു കാരണം യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹനല്ലെന്ന് ഫിഷറീസ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. മത്സ്യഫെഡിന്റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലും അദേ ഹം അംഗമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിര്‍ദനരായ കുടുംബാംഗങ്ങളെ സഹായിക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്ന് കമ്മീഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നിര്‍ദേശം നല്‍കിയത്.2018 മേയ് 26 ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസാണ് ഉത്തരവ് നല്‍കിയത്.എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്തതിലാണ് പരാതിക്കാരി വീണ്ടും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍