പ്രളയ സെസ് നടപ്പാക്കല്‍ ജൂലൈ മുതല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ശതമാനം പ്രളയ സെസ് പ്രാബല്യത്തിലാക്കുന്നത് നീട്ടിവയ്ക്കും. ജൂലൈ മാസം മുതലാകും സെസ് പ്രാബല്യത്തില്‍ വരിക. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് തീരുമാനമെങ്കിലും ഒരു ശതമാനം സെസ് കൂടി ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ സമയം ആവശ്യമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ബജറ്റ് പ്രഖ്യാപനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതാണ്. എന്നാല്‍, ഏപ്രില്‍, മേയ് മാസങ്ങളിലായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ഈ ഘട്ടത്തില്‍ സെസ് ചുമത്തുന്നത് പ്രതികൂലമായി ഭവിക്കും എന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഒരു ശതമാനം പ്രളയ സെസ് എന്നത് വിലക്കയറ്റം ഉണ്ടാക്കില്ല എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാകുമെന്ന് സര്‍ക്കാരിനു ബോധ്യമുണ്ട്. ഇതോടെയാണ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ സെസ് ചുമത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം ജൂണില്‍ അവസാനിക്കും.സെസ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ജിഎസ്ടി നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. ബില്‍ 12ന് നിയമസഭയിലെത്തും. വിജ്ഞാപനം ചെയ്യുന്ന തീയതി മുതല്‍ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ഭേദഗതി നിയമത്തില്‍ ചൂണ്ടിക്കാട്ടുക. ഇതനുസരിച്ച് എപ്പോള്‍ വിജ്ഞാപനം ചെയ്യണമെന്നു സര്‍ക്കാരിനു തീരുമാനിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍