കൊല്‍ക്കത്ത കമ്മീഷണറെ സിബിഐ സംഘം ചോദ്യം ചെയ്യും

കൊല്‍ക്കത്ത: സുപ്രീം കോടതി വിധിക്കുപിന്നാലെ കോല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സംഘത്തെ സിബിഐ നിയോഗിച്ചു. ഡിഎസ്പി റാങ്കിലുള്ള തഥാഗത ബര്‍ധന്റെ നേതൃത്വത്തില്‍ അഞ്ചംഗ സിബിഐ സംഘമാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോംഗില്‍ ചോദ്യം ചെയ്യല്‍ നടക്കും.ശാരദാ, റോസ്‌വാലി ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കാണാതായ തെളിവുകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്. രാജീവ് കുമാറിന്റെ കസ്റ്റഡിയില്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉണ്ടെന്നാണ് സിബിഐ കരുതുന്നത്. രാജീവ് കുമാറിനെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചെങ്കിലും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ഞായറാഴ്ച വൈകുന്നേരത്തോടെ എത്തിയ സിബിഐ സംഘത്തെ പോലീസ് ത ടഞ്ഞ് കസ്റ്റഡിയിലെടുത്തതോടെയാണ് കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയുള്ള സി ബിഐ നീക്കത്തെ ചെറുക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടി സ്ഥലത്തെത്തിയതോടെ സംഭവം രൂക്ഷമായി. ഇതിനു പിന്നാലെ കോല്‍ക്കത്ത പോലീസിന്റെ നീക്കത്തിനെതിരേ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍