അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെടുന്ന തുക ബാങ്ക് നല്കണം: കോടതി

കൊച്ചി: ഇടപാടുകാരന്റെ അക്കൗണ്ടില്‍നിന്ന് അനധികൃതമായി നഷ്ടപ്പെടുന്ന പണം തിരികെ നല്‍കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നു ഹൈക്കോടതി. പ്രവാസി മലയാളിയായ മീനച്ചില്‍ ളാലം സ്വദേശി പി.ടി. ജോര്‍ജിന്റെ അക്കൗണ്ടില്‍നിന്നു നഷ്ടപ്പെട്ട 2.41 ലക്ഷം തിരികെ നല്‍കണമെന്ന പാലാ സബ് കോടതിയുടെ ഉത്തരവിനെതിരേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എംഎസ് സന്ദേശം നല്‍കിയതുകൊണ്ടോ ഇടപാടുകാരന്‍ കൃത്യസമയത്ത് പ്രതികരിച്ചില്ല എന്നതുകൊണ്ടോ ബാങ്കിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദിവസങ്ങളോളം ഫോണ്‍ ലഭിക്കാത്ത സാഹചര്യങ്ങളിലും എല്ലായ്‌പോഴും എസ്എംഎസുകള്‍ നോക്കുന്ന സ്വഭാവം ഇല്ലെങ്കിലും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ശ്രദ്ധയില്‍പെടാതെ പോകുമെന്ന് കോടതി പറഞ്ഞു. ഇടപാടുകാര്‍ക്ക് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പുകള്‍ ബാധിക്കാത്ത തരത്തില്‍ സുരക്ഷിതമായി വേ ണം ഡിജിറ്റല്‍ സംവിധാനം ഒരുക്കേണ്ടതെന്നും കോടതി പറഞ്ഞു. ബ്രസീലില്‍ ജോലി ചെയ്യുന്ന ജോര്‍ജ് 2012 മാര്‍ച്ചില്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ബ്രസീലിലെ വിവിധ എടിഎമ്മുകളിലൂടെ ആരോ 14 തവണകളായി പണം പിന്‍വലിച്ചു. 
പ്രത്യേക ഉപാധികളടങ്ങുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കും അക്കൗണ്ട് ഉടമയും തമ്മിലുള്ള ബന്ധം തുടങ്ങുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടുകാരന്റെ നിക്ഷേപത്തിന് ബാങ്കു നല്‍കുന്ന സുരക്ഷയും കരാറിന്റെ ഭാഗമാണ്. അനധികൃതമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കി അടിയന്തര നടപടിയെടുക്കേണ്ടത് ബാങ്ക് അധികൃതരാണ്. നിക്ഷേപത്തുകയുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് 2017 ജൂലൈ ആറിലെ സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഇടപാടുകാരന്റെ വീഴ്ചയില്ലാതെ പണം നഷ്ടമായാല്‍ അതിന്റെ ബാധ്യത അയാള്‍ക്കുമേല്‍ ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍