ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ കോടതി ഇടപെട്ടു; അനുപം ഖേറിനും അക്ഷയ് ഖന്നയ്ക്കുമെതിരേ കേസ്

പാറ്റ്‌ന: ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുപം ഖേര്‍, അക്ഷയ് ഖന്ന എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരേ കേസ്. ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം ബിഹാറിലെ മുസഫര്‍പൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേതാക്കളെ മോശമായി ചിത്രീകരിച്ചെന്നു കാട്ടി അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയിരുന്നു. അനുപം ഖേര്‍ മന്‍മോഹന്റെ വേഷം കൈകാര്യം ചെയ്തപ്പോള്‍ അക്ഷയ് ഖന്ന സഞ്ജയ് ബാറുവായി വേഷമിട്ടു. ജര്‍മന്‍ നടി സൂസന്‍ ബെര്‍നെറ്റാണ് സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പത്തു വര്‍ഷം ഇന്ത്യയെ തടവിലാക്കിയ കുടുംബത്തിന്റെ കഥയാണ് ഇതെന്ന് ബിജെപി ട്വീറ്റ് ചെയ്തു. 2014 പൊതുതെരഞ്ഞെടുപ്പ് സമയത്താണ് സിനിമയ്ക്ക് അടിസ്ഥാനമായ ബാറുവിന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇത് ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍