അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി: സിബിഐ ഡയറക്ടര്‍ ഹാജരാകണമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സംഭവത്തില്‍ സിബിഐ താത്കാലിക ഡയറക്ടറായിരുന്ന എം. നാഗേശ്വര്‍ റാവു നേരിട്ടു ഹാജരാകണമെന്നു സുപ്രീം കോടതി. ബിഹാര്‍ സംരക്ഷണ കേന്ദ്രത്തിലെ പീഡനക്കേസ് അന്വേഷിച്ചിരുന്ന സിബിഐ ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മയെ സ്ഥലം മാറ്റിയ സംഭവത്തിലാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ കടുത്ത നടപടി. നാഗേശ്വര്‍ റാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ്, ദൈവം നിങ്ങളെ രക്ഷിക്കും എന്നും പ്രതികരിച്ചു. ചൊവ്വാഴ്ച നേരിട്ടു ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം. കോടതിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് കൊണ്ടാണ് നിങ്ങള്‍ കളിച്ചത്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ' ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സ്ഥലം മാറ്റത്തിനു തീരുമാനമെടുത്തപ്പോള്‍ കോടതിയുടെ വിലക്കുള്ളതു അറിയില്ലായിരുന്നോ എന്നു സിബിഐയുടെ അഭിഭാഷകനോടു ചോദിച്ചതിനു ശേഷമായിരുന്നു കടുത്ത നടപടിയിലേക്കു കടന്നത്. കോടതി വിലക്കിയിരുന്ന സ്ഥലം മാറ്റം നടത്തിയ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയ്‌ക്കെതിരേയുള്ള കേസുകള്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് എ.കെ. ശര്‍മയെ ജനുവരി 17നു താത്കാലിക ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു തിരിച്ചെത്തിയ അലോക് വര്‍മ അന്വേഷണ ചുമതല ഏല്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു താത്കാലിക ഡയറക്ടറുടെ നടപടി. അതിനിടെ, ബിഹാര്‍ മുസഫര്‍പൂരിലെ 17 സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ കേസിന്റെ വിചാരണ ഡല്‍ഹിയിലേക്കു മാറ്റാനും കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ സാകേത് കോടതിയില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. മുസഫര്‍പൂര്‍ അന്വേഷണത്തില്‍ ബിഹാര്‍ പോലീസിന്റെ നടപടികള്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നേരത്തെ സിബിഐക്കു കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് വിചാരണ ഡല്‍ഹിയിലേക്കു മാറ്റണമെന്നു സിബിഐ ആവശ്യപ്പെട്ടതു കണക്കിലെടുത്താണ് കോടതി ഉത്തരവിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍