കേരള ബാങ്ക് രൂപീകരണം; ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണ നടപടികള്‍ എളുപ്പത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ സഹകരണ ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കല്‍ ലളിതമാക്കുന്നത് അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന 2019ലെ കേരള സഹകരണ സംഘ(ഭേദഗതി)ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ജില്ലാ ബാങ്കിനെ പിരിച്ചുവിട്ട് ആസ്തി ബാധ്യതകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കാന്‍ കേവലഭൂരിപക്ഷം മാത്രം മതിയെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ പൊതുയോഗത്തില്‍ ഹാജരായിട്ടുള്ളതും വോട്ട് ചെയ്യുന്നതുമായ അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. ബില്‍ നിയമമാകുന്നതോടെ ജില്ലാ ബാങ്കുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ബില്‍ ഈ സഭാ സമ്മേളനകാലത്തു മടങ്ങിയെത്തും. ജില്ലാ ബാങ്ക് ഇല്ലാതാകുമ്പോള്‍ കാര്‍ഷിക വായ്പയുടെ ഏഴു ശതമാനം പലിശനിരക്ക് ഇനിയും കുറയ്ക്കാനാകുമെന്നു ബില്ലിന് അനുമതി തേടിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉന്നതതലത്തില്‍ സംസ്ഥാന സഹകരണബാങ്കും മധ്യതലത്തില്‍ ജില്ലാ സഹകരണ ബാങ്കുകളും നിലനില്‍ക്കുന്നതു പലിശയുടെ ഭാരം വര്‍ധിപ്പിക്കുന്നതല്ലാതെ താഴെ തലത്തിലുള്ള പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു നേട്ടമുണ്ടാക്കുന്നില്ലെന്ന കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ലയനത്തിനു ശേഷമുണ്ടാവുന്ന സ്ഥാപനത്തിനു മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം സൗകര്യങ്ങള്‍ തുടങ്ങിയവ പുതുതലമുറ ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ കഴിയും. ജനങ്ങളുടെ മുഖ്യധാരാ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ സംവിധാനമുള്ള ആഗോളബാങ്കായി മാറ്റുകയാണു ലക്ഷ്യം.കേരള ബാങ്ക് രൂപീകരണ മാതൃക പിന്തുടരാന്‍ മറ്റു പല സംസ്ഥാനങ്ങളും തയാറായിട്ടുണ്ട്. സഹകരണ നിയമത്തിന് ഉള്ളില്‍നിന്നേ കേരളബാങ്കിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. വ്യക്തമായ ദിശാബോധമില്ലാതെ വായ്പ നല്‍കാനാവില്ലെന്നും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും കടകംപള്ളി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍