പാവം ഗാന്ധിജി

മാന്യമഹാ ജനങ്ങളെ, ഇതാ വീണ്ടും നമ്മുടെ ഗാന്ധിജിക്ക് വെടിയേറ്റിരിക്കുന്നു. ആ മഹാത്മാവ് നാഥൂ റാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ ഏതാ ണ്ട് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു.എന്നിട്ടും ദേശദ്രോഹിയായ ആ അഥമനെ ആരാധ്യനായി കൊണ്ടു നടക്കുന്ന ആള്‍ക്കൂട്ടത്തിന് ഗാന്ധിജിയോടുള്ള അരിശം തീരുന്നില്ല. എന്നിട്ടേതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ ഒരു വടക്കെ ഇന്ത്യന്‍ തെരുവില്‍ വെച്ച് നമ്മുടെ രാഷ്ട്രപിതാവിന്റെ പടവും രൂപവും വെച്ച് അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വെടി വെച്ച് പ്രതീകാത്മകമായി ചേര വീഴ്ത്തുകയും ഗോഡ് സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടെന്തുണ്ടായി നമ്മു ടെ നാട്ടില്‍.എന്തിനുമേതിനും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരും രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക നായകരുമൊക്കെ കാര്യമായി ഒന്നനങ്ങിയിട്ടുപോലുമില്ല.ഇന്ന് വരെ കിടിലന്‍ എഡിറ്റോറിയല്‍ എഴുത്തുകാരൊന്നും കാര്യമായി ആ വഴിക്ക് ചിന്തിച്ചേയില്ല.രാജ്യമനസാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തില്‍ പങ്കാളികളായ സ്ത്രീ നേതാവടക്കമുള്ളവര്‍ക്കെതിരെ ഒരു പെറ്റിക്കേസ്.അവരെ അറസ്റ്റ് ചെയ്‌തെന്നും കേള്‍ക്കുന്നു.എന്നാലീ അറസ്റ്റ് വാര്‍ത്ത റിപ്പോ ര്‍ട്ട് ചെയ്ത പത്രങ്ങളിലൊന്നും പ്രതികള്‍ റിമാന്റില്‍ പോയോ അതോ ജാമ്യത്തിലിറങ്ങിയോ എന്നതിന്റെയൊന്നും ഒരു വിവരവുമില്ല.അതില്‍ നിന്നും മനസ്സിലാവുന്നത് അലിഗഡ് പോലീസ് ഈ കേസില്‍ ശക്തമായല്ല നീങ്ങുന്നത് എന്ന് തന്നെ.ആരായിരുന്നു നമുക്ക് ഗാന്ധിജി. ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച് ബിലാത്തിയില്‍ പോയി വിദ്യാഭ്യാസം ചെയ്ത് ബാറിസ്റ്ററായി മടങ്ങി വന്ന വെറുമൊരു മനുഷ്യനോ,അതോ സ്വന്തം രാജ്യത്തിനും രാജ്യക്കാര്‍ക്കും വേണ്ടി തനിക്ക് വ്യക്തിപരമായി വന്നുചേരാനിടയുണ്ടായിരുന്ന തൊഴില്‍പര വും സാമൂഹ്യവുമായ ഔന്നത്യ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് ബ്രിട്ടീഷുകാരോട് ഘോരഘോ രം വാദിച്ചും സമരം ചെയ്തും അവരെ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സമാധാന വാദി യായ നേതാവോ.രണ്ടാമത്തേതാണ് ശരിയെങ്കില്‍ ഉറക്കെ പറയട്ടെ, ഓരോ ഇന്ത്യക്കാരന്റെയും ഗാന്ധിജി എന്ന വികാരത്തിനെതിരെ നമ്മുടെ രാഷ്ട്രപിതാവായിരുന്ന ആ മഹാന്റെ മഹത്വപൂര്‍ണ്ണമായ പൊതു ജീവിതത്തിന്റെ ചരിത്രത്തിനെതിരെ,അങ്ങിനെയൊരു ചരിത്രം അംഗീകരിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കുമെതിരെയാണ് ആ പൊയ് വെടി പൊട്ടിയത് എന്ന് രാഷ്ട്രപിതാവായി ആസേതുഹിമാചലം അംഗീകരിച്ചാദരിക്കുന്ന ഗാന്ധിജിക്കെ തിരെ ഒരു കൂട്ടം മതഭ്രാന്തര്‍ നടത്തിയ ഈ നീചതക്കെതിരെ അതര്‍ഹിക്കുന്ന രീതിയിലുള്ള പ്രതിഷേധം രാജ്യവ്യപാകമുണ്ടായില്ല എന്നത് ഏറെ സങ്കടകരം തന്നെ.എഴുപത് വര്‍ഷം മുമ്പിലത്തെ ഗോദ്‌സെയുടെ ആ ഒറിജിനല്‍ വെടി തന്റെ മാറില്‍ തറച്ചപ്പോള്‍ പ്രാര്‍ത്ഥനാമന്ദിരത്തിലേക്കു നീങ്ങുകയായിരുന്ന ഗാന്ധിജിയില്‍ നിന്നുയര്‍ന്ന ശബ്ദം 'ഹേറാം' എന്നായിരുന്നു. രാമരാജ്യം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലും ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷ. എന്നാലിപ്പോഴദ്ദേഹത്തെ ചിത്രവധം ചെയ്യുന്നവരുടെ രാമരാജ്യം ആയിരുന്നില്ലതാനും. അതു കൊണ്ട് തന്നെയായിരിക്കാം ഗോദ്‌സെയുടെയും അയാളെ ഗാന്ധിവധത്തിന് സഹായിച്ചവരുടെയും മനസ്സുകളില്‍ ഗാന്ധിജി ഇന്നും വില്ലനായി നില്‍ക്കുന്നത്. പാവം ഗാന്ധിജി എന്നല്ലാതെ എന്തു പറയാന്‍?. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍