മതങ്ങള്‍ക്കു മുമ്പില്‍ മനുഷ്യന്റെ ഭാവി ചോദ്യചിഹ്നമാകുന്നു: ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്

പത്തനാപുരം: മാനവികത നഷ്ടപ്പെടുന്ന മതങ്ങള്‍ക്കു മുമ്പില്‍ മനുഷ്യന്റെ ഭാവി ചോദ്യചിഹ്നമാകുന്നുവെന്ന് ഹൈക്കോടതി ജഡ്ജി എ. മുഹമ്മദ് മുസ്താഖ് പറഞ്ഞു. കെല്‍സയുടെ അക്രഡിറ്റഡ് സ്ഥാപനമായ പത്തനാപുരം ഗാന്ധിഭവനില്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ലീഗല്‍ എയ്ഡ് ക്ലിനിക് അദാലത്തും നിയമബോധന സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവികതയുടെ സന്ദേശം നല്‍കുന്നവയാണ് ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങള്‍. എന്നാല്‍ ഇന്ന് മതങ്ങള്‍ മത്സരത്തിലെത്തി നില്‍ക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് ഗാന്ധിഭവനെ പ്പോലെയുള്ള സ്ഥാപനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. സാമൂഹ്യസ്പന്ദനങ്ങളറിയാതെ, ജീവിതം സന്തോഷിക്കുവാന്‍ വേണ്ടി മാത്രമാണെന്നു കരുതുന്ന ഒരു സൈബര്‍ തലമുറയാണ് നമ്മുടെ നാട്ടില്‍ വളര്‍ന്നുവരുന്നത്. പരസ്പരസ്‌നേഹവും സഹകരണവും കുറയുന്ന ഈ സാഹചര്യത്തില്‍ ഗാന്ധിയന്‍ തത്ത്വങ്ങള്‍ക്ക് പ്രസക്തിയേറുന്നു. നമ്മള്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ എന്ന് നിരാകരിച്ചു തുടങ്ങിയോ അന്നുമുതല്‍ സാമൂഹ്യജീവിതത്തില്‍ താളംതെറ്റലുകള്‍ തുടങ്ങി. ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തുന്ന ആശയങ്ങളാണ് ഗാന്ധിജിയുടേതെന്നും ജസ്റ്റിസ് പറഞ്ഞു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ എ.കെ. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവനില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ വനിതാ ഷെല്‍ട്ടര്‍ ഹോം നാലാം വാര്‍ഷിക ഉദ്ഘാടനം സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടിയും പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലും നിര്‍വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കായംകുളം എംഎസ്എം കോളേജ് അധ്യാപകന്‍ പ്രഫ. നിസാര്‍ കാത്തുങ്ങല്‍, ഐഇഎല്‍ടിഎസ് പരീക്ഷയില്‍ മികിച്ച വിജയം നേടിയ ഗാന്ധിഭവന്‍ കുടുംബാംഗം മഞ്ജു പി. മോഹനന്‍ എന്നിവര്‍ക്ക് ഗാന്ധിഭവന്റെ ആദരം ഹൈക്കോടതി ജഡ്ജ് സമ്മാനിച്ചു.ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംസ്ഥാനത്തെ പല പ്രദേശങ്ങളില്‍ നിന്നുള്ള ഏഴ് നിര്‍ധന രോഗികള്‍ക്ക് സഹായധനമായി നല്‍കിയ 7,67,000 രൂപ മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. അദാലത്തില്‍ 63 കേസുകള്‍ പരിഗണിച്ചു. ഏഴ് കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു. 37 കേസുകള്‍ തള്ളിപ്പോയി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പുനലൂര്‍ മുന്‍സിഫ് ജി. ഹരീഷ്, സബ് ജഡ്ജ് ആര്‍. സുധാകാന്ത്, ഗാന്ധിഭവന്‍ ചെയര്‍മാന്‍ എന്‍. സോമരാജന്‍, എച്ച്.സലിംരാജ്, പുനലൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എച്ച്. രാജീവന്‍, പി.എസ്.എം. ബഷീര്‍, രാജീവ് രാജധാനി, ബീനാ വിന്‍സന്റ്, എസ്. രശ്മി, രാജി ലെനു, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി ഷിബു തോമസ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍