ഒന്നര വര്‍ഷത്തിനുള്ളില്‍ കേരള നിയമസഭരാജ്യത്തെ ആദ്യ ഡിജിറ്റല്‍ സഭയായി മാറും :സ്പീക്കര്‍

തിരുവനന്തപുരം: അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സഭയായി കേരള നിയമസഭ മാറുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇതിനുള്ള വിശദ പദ്ധതിരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നതോടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടിച്ചെലവ് ഒഴിവാക്കാനാകും. ഇതുസംബന്ധിച്ച് ആദ്യം സമര്‍പ്പിച്ച പദ്ധതിരേഖയോട് അനുകൂല നിലപാടായിരുന്നുവെങ്കിലും പിന്നീട് കേന്ദ്രം പിന്മാറുകയായിരുന്നു. തുടര്‍ന്ന് പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനത്തില്‍ എം.എല്‍.എമാര്‍ക്ക് പരിശീലനം നല്‍കും. അംഗങ്ങള്‍ ഇതിനോട് സഹകരിക്കണം. നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും ചുരുക്കം പേരാണ് ഇത് ഉപയോഗിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.ചോദ്യോത്തരവേളയില്‍ ഷാഫി പറമ്പിലാണ് വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സഭാനടപടികള്‍ക്കായി വളരെ അധികം കടലാസുകളാണ് ഉപയോഗിക്കുന്നതെന്നും ടേബിളില്‍ എല്‍.ഇ.ഡി സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ എത്രയോ മരങ്ങള്‍ സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍വത്കരണം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ആരംഭിക്കുന്നതിന് മുമ്പ് നിയമസഭയില്‍ നിന്ന് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്പീക്കറിനാകും കൂടുതല്‍ പറയാനാവുകയെന്ന് വ്യക്തമാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍