മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു, പ്രതീക്ഷയോടെ പ്രേക്ഷകര്‍

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും സംവിധായകന്‍ വിനയനും ആദ്യമായി ഒന്നിക്കുന്നു. വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും പ്രിയ സുഹൃത്തുക്കളെയും സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെയെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തെ മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്നൊരു ചിത്രം വിനയന്‍ ചെയ്തിരുന്നു.അമ്മയും തിലകനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്ന കാലത്ത് വിനയന്‍ മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദീര്‍ഘ നാളത്തെ വിലക്കിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രവുമായി വിനയന്‍ തിരിച്ചുവരവ് നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍