വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാനും നടപടി വരുന്നു

കൊണ്ടോട്ടി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ആഭ്യന്തര സെക്ടറിലെ വിമാന ഇന്ധനനികുതി ഇളവ് യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ വരുന്നു. കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര മേഖലയിലേക്കുളള വിമാനങ്ങള്‍ക്കാണ് പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ധന നികുതി അഞ്ചു ശതമാനമാക്കി കുറച്ചത്. നികുതി ഇളവ് വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ടോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുക. നിലവിലെ ഇന്ധന നിരക്കിനൊപ്പം 29.04 ശതമാനമാനം സംസ്ഥാന സര്‍ക്കാരിന് നികുതിയും നല്‍കണമായിരുന്നു. ആയതിനാല്‍ തന്നെ വിമാന ഇന്ധന വില കൂടുന്നത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പറക്കാന്‍ 180 യാത്രക്കാരുളള ഒരു വിമാനത്തിന് ആറു ടണ്‍ ഇന്ധനം വേണമെന്നാണ് കണക്ക്. വിമാന കന്പനികള്‍ 10 ടണ്‍വരെ ശരാശരി നിറക്കും. നിലവിലെ ഇന്ധന നിരക്ക് ലിറ്ററിന് 51 രൂപയാണ്. ഇതില്‍ 29.04 ശതമാനം നികുതി വരുന്നതോടെ തുക 15,000 രൂപവരെ വീണ്ടും ഉയരും. ഈ നിരക്കിലാണ് 24.4 ശതമാനം കുറവ് വരുത്തിയത്. ഇതോടെ ഇന്ധന തുകയില്‍ മൂവായിരം രൂപയോളമാണ് നികുതിയുണ്ടാവുക. ഈ ആനുകൂല്യം വിമാന കമ്പനികള്‍ക്ക് ലാഭ കൊയ്ത്താവാതിരിക്കാനാണ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നത്. നികുതി കുറച്ചത് വഴി ആഭ്യന്തര സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കാണ് സര്‍ക്കാര്‍ നിരീക്ഷിക്കുക. ഇത് സംബന്ധിച്ച് ആഭ്യന്തര സെക്ടറിലെ വിമാന കന്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു മേഖലയിലേക്കാണ് കേരളത്തില്‍ നിന്ന് യാത്രക്കാരുളളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍