കുസാറ്റില്‍ നടക്കുന്ന പ്രഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റില്‍ രണ്ടായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കും

തിരുവനന്തപുരം: പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഫഷണല്‍ സ്റ്റുഡന്റ്‌സ് സമ്മിറ്റ് നടത്തുന്നു. കളമശേരി കുസാറ്റില്‍ 10 ന് നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ടായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. 10 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ സന്ദീപ്.പി. ത്രിവേദി മുഴുവന്‍ വിദ്യാര്‍ഥികളോടു സംവദിക്കും. തുടര്‍ന്ന് രണ്ടായിരം വിദ്യാര്‍ഥികളെ 12 ഗ്രൂപ്പായി തിരിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുമായി സംവാദം നടക്കും. വിദ്യാര്‍ഥി ഗ്രൂപ്പിലെ ചര്‍ച്ചകളുടെ ക്രോഡീകരണം പൊതുവേദിയില്‍ അവതരിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുമായി സംവാദം നടത്തും. ഉച്ചകഴിഞ്ഞ് 3.30 ന് മനോജ് വാസുദേവന്‍ കുട്ടികളുമായി സംസാരിക്കും. സമ്മിറ്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ അതതു കോളജിലെത്തിയശേഷം വിദ്യാര്‍ഥികളുമായി ആശയം പങ്കുവയ്ക്കും. എന്‍ജിനിയറിംഗില്‍ നാലു ഗ്രൂപ്പും മെഡിസിനും ബിഫാമും, ആയുര്‍വേദവും ഹോമിയോപ്പതിയും നിയമം, ഫിഷറീസ്, മൃഗസംരക്ഷണം, അഗ്രികള്‍ച്ചര്‍, മാനേജ്‌മെന്റ് വിഭാഗങ്ങളിലാണ് ഗ്രൂപ്പു തിരിച്ച് സംവാദം നടത്തുന്നത്. എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നീളുന്ന ഇന്റേണല്‍ഷിപ്പ് നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലാകും ഇന്റേണല്‍ഷിപ്പ് നടപ്പാക്കുക. ഇതിലേക്കായി യുജിസി എഐസിടിഇ എന്നിവയില്‍ നിന്നുള്ള അനുമതികള്‍ നേടുന്ന നടപടികള്‍ അന്തിമഘട്ടത്തിലേക്കു കടന്നതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍