സ്ത്രീകളുടെ മസ്തിഷ്‌കത്തിനു 'പ്രായം'കുറവ്

ന്യൂയോര്‍ക്ക്: വാര്‍ധക്യത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ ഓര്‍മയും കാര്യപ്രാപ്തിയും ഉള്ളതിന്റെ രഹസ്യം കണ്ടെത്തി. സ്ത്രീകളുടെ മസ്തിഷ്‌കം പുരുഷന്മാരുടേതിലും സാവധാനമാണു 'പ്രായ'മാകുന്നത്. പുരുഷന്മാരുടേതിലും ശരാശരി മൂന്നു 'വയസ്' കുറവാണു സ്ത്രീയുടെ മസ്തിഷ്‌കത്തിനെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സെന്റ് ലൂയിയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. പ്രായം കൂടുന്നതനുസരിച്ചു മസ്തിഷ്‌ക പ്രവര്‍ത്തനത്തില്‍ മാന്ദ്യമുണ്ടാകും. മസ്തിഷ്‌കത്തില്‍ ഓക്‌സിജനും ഗ്ലൂക്കോസും എങ്ങനെ പ്രവഹിക്കുന്നു എന്നറിയാന്‍ പെറ്റ് (പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി) സ്‌കാനിംഗ് നടത്തി. 20 മുതല്‍ 82 വരെ വയസുള്ള 121 സ്ത്രീകളെയും 84 പുരുഷന്മാരെയുമാണു നിരീക്ഷിച്ചത്. മസ്തിഷ്‌കത്തില്‍ ഓക്‌സിജന്റെയും ഗ്ലൂക്കോസിന്റെയും ചലനങ്ങള്‍ നിരീക്ഷിച്ചു പ്രായം നിര്‍ണയിച്ചു. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ മസ്തിഷ്‌കങ്ങള്‍ 3.8 വര്‍ഷം പ്രായം കുറഞ്ഞവയാണെന്നാണു നിരീക്ഷണ ഫലം.പ്രായം കൂടുന്‌പോള്‍ മാത്രമല്ല ഇത്. ചെറുപ്പക്കാരുടെ കൂട്ടത്തിലും സ്ത്രീകളുടെ മസ്തിഷ്‌കത്തിനു പ്രായമാകുന്നതു മെല്ലെയാണ്. ഇതിന്റെ ഒരു റിവേഴ്‌സ് നിരീക്ഷണവും ഈ നിഗമനങ്ങളെ ശരിവച്ചു. പുരുഷന്മാരുടെ മസ്തിഷ്‌കത്തിന് അവരുടെ യഥാര്‍ഥ പ്രായത്തേക്കാള്‍ ശരാശരി 2.4 വര്‍ഷം കൂടുതല്‍ പ്രായമുണ്ടെന്നു കണ്ടെത്തി. ഉയരം പോലുള്ള മറ്റു ഘടകങ്ങളിലെ വ്യത്യാസംവച്ചുനോക്കുമ്പോള്‍ മസ്തിഷ്‌കത്തിന്റെ പ്രായവ്യത്യാസം അത്ര വലുതല്ലെന്നും ഗവേഷകര്‍ വിലയിരുത്തി. എന്നാല്‍ ആല്‍സ്‌ഹൈമേ ഴ്‌സ് പോലുള്ള രോഗങ്ങളുടെ പഠനത്തില്‍ ഈ വിവരങ്ങള്‍ സഹായകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍