എംജി വാഴ്‌സിറ്റി കോളജുകളില്‍ വകുപ്പു മേധാവിസ്ഥാനം ഇനി റൊട്ടേഷന്‍ വ്യവസ്ഥയില്‍

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴിലെ കോളജുകളില്‍ വിവിധ വിഷയങ്ങളിലെ വകുപ്പു മേധാവിസ്ഥാനം റൊട്ടേഷന്‍ സമ്പ്രദായത്തിലാക്കാന്‍ അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ധാരണ. ഇതനുസരിച്ചു മൂന്നുവര്‍ഷം കൂടുമ്പോള്‍ വകുപ്പുമേധാവിസ്ഥാനം യോഗ്യരായ അടുത്ത അധ്യാപകനു കൈമാറണം. സര്‍വകലാശാലയില്‍ കൂടിയ യോഗത്തില്‍ ആക്ടിംഗ് വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപക സംഘടനകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വകുപ്പു മേധാവിസ്ഥാനം റൊട്ടേഷന്‍ രീതിയിലാക്കുന്നതിനെ സംഘടനകള്‍ ഏകകണ്ഠമായി പിന്തുണച്ചു. സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ റൊട്ടേഷന്‍ സമ്പ്രദായം നേരത്തേ നടപ്പാക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സമ്പ്രദായം വരും. അസോസിയേറ്റ് പ്രഫസര്‍മാര്‍ക്കും കുറഞ്ഞത് അഞ്ചുവര്‍ഷം സര്‍വീസുള്ള അസിസ്റ്റന്റ് പ്രഫസര്‍മാര്‍ക്കും മാത്രമേ വകുപ്പു മേധാവി സ്ഥാനം കൈമാറാവൂവെന്ന് അധ്യാപക സംഘടനകള്‍ നിര്‍ദേശിച്ചു.പഠിപ്പിക്കുന്ന വിഷയങ്ങളടക്കം കോളജ് അധ്യാപകരുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന അധ്യാപക പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. ഇതിന്റെ നടപടി അന്തിമഘട്ടത്തിലാണെന്ന് സിന്‍ഡിക്കേറ്റംഗം ഡോ.ആര്‍. പ്രഗാഷ് പറഞ്ഞു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രഫ.ടോമിച്ചന്‍ ജോസഫ്, ഡോ. പി.കെ. പദ്മകുമാര്‍, ഡോ.അജി സി. പണിക്കര്‍, ഡോ. കെ. കൃഷ്ണദാസ്, ഡോ.എം.എസ്. മുരളി, അധ്യാപക സംഘടന പ്രതിനിധികളായ ഡോ.പി.എന്‍. ഹരികുമാര്‍, റോണി ജോര്‍ജ്, ഡോ.സുമി ജോയ് ഒളിയാപുരം, പി.വി. സുനില്‍കുമാര്‍, ഡോ.സി.കെ. ജയിംസ്, ഡോ.ഷൈജു ഫ്രാന്‍സിസ്, ജോജി അലക്‌സ്, വിവേക് ജേക്കബ് എബ്രഹാം, വി.പി. മാര്‍ക്കോസ്, സി.എം. ശ്രീജിത്ത്, എം.എം. ജോണ്‍സണ്‍, ഡോ.ബി.കേരളവര്‍മ, ഡോ.സെനോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍