ഉത്തര്‍പ്രദേശില്‍ സംസ്‌കൃതത്തില്‍ ക്രിക്കറ്റ് കളി

വാരാണസി: യൂറോപ്പില്‍ പിറവികൊണ്ട് ഇന്ത്യയുടെ ദേശീയ വികാരമായിമാറിയ ക്രിക്കറ്റിനെ സംസ്‌കൃതവത്കരിച്ച് ഉത്തര്‍പ്രദേശ്. വാരാണസിയില്‍ നടന്ന ക്രിക്കറ്റ് മത്സരമാണ് വേഷം കൊണ്ടും ഭാഷകൊണ്ടും വ്യത്യസ്തമാകാന്‍ ശ്രമിച്ച് ശ്രദ്ധേയമായത്. കളിക്കാരുടെ വേഷം ധോത്തിയും കുര്‍ത്തയും, കമന്ററി പറയുന്നതാവട്ടെ സംസ്‌കൃതത്തിലും. അങ്ങനെ ആകെമൊത്തം വെറൈറ്റി പരീക്ഷണമാണ് സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിദ്യാലയം സംഘടിപ്പിച്ച 10 ഓവര്‍ മത്സരത്തില്‍. സമ്പൂര്‍ണാനന്ദ് സംസ്‌കൃത വിദ്യാലയത്തിന്റെ 75 ാം സ്ഥാപക ദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. വാരാണസിയിലെ വിവിധ സംസ്‌കൃത സ്‌കൂളില്‍നിന്നുള്ള കുട്ടികളായിരുന്നു കളിക്കാന്‍ ഇറങ്ങിയത്. കളിക്കാരെല്ലാവരും നഗ്‌നപാദരായാണ് കളത്തിലെത്തിയത്. സാധാരണ ജഴ്‌സി ഉപേക്ഷിച്ച് ധോത്തിയും കുര്‍ത്തയും കഴുത്തിലൊരു വേഷ്ടിയും വേഷമായി. ഹെല്‍മറ്റിനു പകരം വേഷ്ടി തലയില്‍ കെട്ടുകയുമാവാം. അമ്പയര്‍മാരും കമന്റേറ്റര്‍മാരും ധോത്തിയും കുര്‍ത്തയുമാണ് ധരിച്ചത്. വാരാണസിയിലെ എല്ലാ സംസ്‌കൃത സ്‌കൂളുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു വാരാണസി സംസ്‌കൃതം സ്‌കൂളിലെ അധ്യാപകന്‍ ഗണേഷ് ദത്ത് ശാസ്ത്രി പറഞ്ഞു. എല്ലാ ടീമും ധോത്തിയും കുര്‍ത്തയുമാണ് അണിഞ്ഞത്. നാരായണന്‍ മിശ്ര, ഡോ. വികാസ് ദീക്ഷിത് എന്നിവരുടേതായിരുന്നു സംസ്‌കൃത കമന്ററി ഗണേഷ് ദത്ത് ശാസ്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍