ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരണം: മന്ത്രി മൊയ്തീന്‍

കണ്ണൂര്‍: ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുക എന്നുള്ളതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രധാന ഉത്തരവാദിത്വമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍. അഴിമതി രഹിത ജനസൗഹൃദ കാര്യക്ഷമതാ പഞ്ചായത്തിന്റെ ജില്ലാതല പ്രഖ്യാപനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അമിതമായ രാഷ്ട്രീയം വികസന പ്രവര്‍ത്തനങ്ങളില്‍ കാണിക്കാതെ എല്ലാ വിഭാഗം ആളുകളും സഹകരിച്ചുപോകുന്ന സംസ്‌കാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഴിമതിയില്ലാത്ത ജനസൗഹൃദവും കാര്യക്ഷമവുമായ പഞ്ചായത്തുകളാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിയമങ്ങള്‍ പഠിച്ചിട്ടല്ല ആവശ്യങ്ങളുമായാണ് ജനങ്ങള്‍ ഓഫീസുകളിലെത്തുന്നത്. അവരോട് മാന്യമായി പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 71 പഞ്ചായത്തുകളെയും അഴിമതി രഹിത, ജനസൗഹൃദ, കാര്യക്ഷമത പഞ്ചായത്തുകളായി പഞ്ചായത്ത് തലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഓഫീസിലും നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അസോസിയേഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജയിംസ് മാത്യുഎം എല്‍ എ അധ്യക്ഷനായി. സണ്ണി ജോസഫ് എം എല്‍ എ പഞ്ചായത്തുകള്‍ക്കുള്ള സാക്ഷ്യപത്രം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈഥിലി രമണന്‍, ജില്ലാ സെക്രട്ടറി എം. രാഘവന്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം പി ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് തുളസി, വിവിധ സംഘടന പ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍