വായ്പകള്‍ക്ക് മൂക്കുകയറിടാന്‍ കുടുംബശ്രീ

കൊച്ചി: വരവും ചെലവും നോക്കാതെ കുടുംബശ്രീയുടെ മറവില്‍ വായ്പകള്‍ വാങ്ങിക്കൂട്ടുന്നവര്‍ക്ക് കടിഞ്ഞാണിടാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ആദ്യപടിയായി സ്ത്രീകളുടെ വരുമാനമാര്‍ഗം, നിക്ഷേപം, ചെലവ്, വായ്പാ ബാദ്ധ്യത, എവിടെ നിന്നൊക്കെ വായ്പയെടുക്കുന്നു, പണം എന്തിനുപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അയല്‍ക്കൂട്ടങ്ങളിലൂടെ വിവര ശേഖരണം തുടങ്ങി. ഡാറ്റാ എന്‍ട്രി കഴിഞ്ഞാലുടന്‍ പണമിടപാടുകളെക്കുറിച്ച് പഠനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കടങ്ങളില്ലാതാക്കാനുള്ള വഴിയും കണ്ടെത്തും.വിശ്വാസ്യതയുടെ പേരില്‍ വായ്പയുമായി ദേശസാത്കൃത ബാങ്കുകളും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളുമെല്ലാം അയല്‍ക്കൂട്ടങ്ങള്‍ക്ക് പിന്നാലെയാണ്. ഇഷ്ടാനുസരണം കിട്ടുന്നതോടെ വെറുതേ വായ്പയെടുത്ത് സ്ത്രീകള്‍ കടമുണ്ടാക്കുകയാണെന്ന തിരിച്ചറിവാണ് വിഷയത്തില്‍ ഇടപെടാന്‍ കുടുംബശ്രീയെ പ്രേരിപ്പിച്ചത്.കേരളത്തില്‍ 2,77,000 അയല്‍ക്കൂട്ടങ്ങളിലായി 50 ലക്ഷം അംഗങ്ങളാണുള്ളത്. ലഘുസമ്പാദ്യവും വായ്പയും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. ആന്തരിക ഫണ്ടില്‍ നിന്ന് ബാങ്കുകളുമായി ബന്ധിപ്പിച്ചും അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വായ്പയെടുക്കാം. നഗരത്തില്‍ അഞ്ചുലക്ഷവും, ഗ്രാമങ്ങളില്‍ മൂന്നുലക്ഷം രൂപ വരെയുമുള്ള വായ്പയ്ക്ക് പലിശയില്ല.ഗ്രൂപ്പ് വായ്പകളാണ് മറ്റൊന്ന്. തിരിച്ചടവ് കൃത്യമായതിനാല്‍ ബാങ്കുകള്‍ കൈയയച്ച് പണം നല്‍കും. എന്നാല്‍ ഈ പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വായ്പകളുടെ തിരിച്ചടവിന് ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കടബാദ്ധ്യത വര്‍ദ്ധിച്ച് സ്ത്രീകളുടെ ആത്മഹത്യയ്ക്കും സാഹചര്യമുണ്ടാവും. ഇതൊഴിവാക്കാനാണ് ധനകാര്യ ആസൂത്രണത്തെക്കുറിച്ച് പഠിക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്. ഈ വര്‍ഷം 2500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അയല്‍ക്കൂട്ടങ്ങളിലൂടെ നല്‍കിയത്. അടുത്ത വര്‍ഷം ഇത് 3500 കോടിയാകുമെന്നാണ് പ്രതീക്ഷ. ഇത്രയും നല്‍കിയിട്ടും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വലയിലേക്ക് സ്ത്രീകളെത്തുന്നത് വായ്പാ ആവശ്യങ്ങള്‍ കൂടുതലാണെന്ന നിഗമനം ബലപ്പെടുത്തുന്നു. അതിനാല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള തുകയുടെ പരിധി ഉയര്‍ത്തും. കൃത്യമായ ധനകാര്യ ആസൂത്രണത്തിന് വനിതകളെ പ്രാപ്തരാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയില്‍ സഹകരണവകുപ്പും കുടുംബശ്രീയും ചേര്‍ന്ന് നടപ്പാക്കി വിജയിച്ച 'മുറ്റത്തെ മുല്ല' പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ ആലോചനയുണ്ട്. ഇടപാടുകാര്‍ക്ക് പണം വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീക്കാരാണ് ഏജന്റുമാര്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍