കേരള പോലീസ് ടെക്‌നോളജി സെന്റര്‍ അടുത്ത വര്‍ഷം

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ സാങ്കേതിക സംവിധാനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കേരള പോലീസ് ടെക്‌നോളജി സെന്റര്‍ അടുത്ത സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന സജ്ജമാകുമെന്ന് പോലീസ് വക്താവ് വി.പി. പ്രമോദ്കുമാര്‍ അറിയിച്ചു. 
പോലീസ് ടെലികമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിസിടിഎന്‍എസ്, സൈബര്‍ വിംഗ് എന്നിവയെയെല്ലാം ഏകോപിപ്പിച്ചാണു നടപടി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും സര്‍വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്നതും ഉടനുണ്ടാകും.
സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. പോലീസ് ആസ്ഥാനത്ത് ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാകും ഇതു നടപ്പാക്കുക. സംസ്ഥാന സൈബര്‍ സെല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ബാങ്കിംഗ്, സോഷ്യല്‍ മീഡിയ വിദഗ്ധരെയും സൈബര്‍സെല്ലുകളില്‍ നിയോഗിക്കും. ജില്ലകളിലെ സൈബര്‍സെല്ലുകളെ ശക്തിപ്പെടുത്തും. കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി, കൊച്ചി സിറ്റി എന്നിവിടങ്ങളിലെ സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മാര്‍ച്ച് 31ന് മുമ്പ് ആരംഭിക്കും.
ആവശ്യമായ ഉപകരണങ്ങളും സോഫ്റ്റ്‌വേറുകളും വാങ്ങുന്ന നടപടി പുരോഗമിക്കുകയാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ ഡോമുകളുടെ പ്രവര്‍ത്തനവും മാര്‍ച്ച് അവസാനം ആരംഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും കമ്പ്യൂട്ടര്‍ സാക്ഷരത നല്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 
സംസ്ഥാനത്ത് ജനമൈത്രി പോലീസിനെ നിലവിലുള്ള സംവിധാനത്തില്‍നിന്ന് അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 
അധികം പോലീസുകാരെ ഉള്‍പ്പെടുത്തി ബീറ്റ് പട്രോളിംഗും മറ്റും ശക്തിപ്പെടുത്തും. ഇതോടൊപ്പം റെയില്‍വേ കമ്മ്യൂണിറ്റി പോലീസിംഗും ടെക്‌നോളജി പോലീസിംഗും ആരംഭിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുള്ള ആധുനിക വയര്‍ലെസ് സംവിധാനമായ ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനം മാര്‍ച്ച് 31ന് മുമ്പുതന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വി.പി. പ്രമോദ്കുമാര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍