കുട്ടികള്‍ക്കായുള്ള ജില്ലയിലെ ആദ്യ ട്രാഫിക് പാര്‍ക്ക് സജ്ജമാകുന്നു

മാനന്തവാടി: റോഡില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുന്നതിനായുള്ള ജില്ലയിലെ ആദ്യത്തെ ട്രാഫിക് പാര്‍ക്ക് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജമാകുന്നു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ചാണ് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി ട്രാഫിക് പാര്‍ക്ക് സജ്ജമാക്കുന്നത്. കേല്‍ട്രോണിനാണ് നിര്‍മ്മാണ ചുമതല. സംസ്ഥാനത്ത് കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് സര്‍ക്കാര്‍ ട്രാഫിക് പാര്‍ക്ക് അനുവദിച്ചത്. ട്രാഫിക് സിഗ്‌നലുകള്‍, ദിശ സൂചക ബോര്‍ഡുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, വളവുകള്‍, സ്‌കൂള്‍ പരിസരം, ഹന്പുകള്‍ തുടങ്ങി വാഹനയാത്രക്കാര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ബോര്‍ഡുകളും പാര്‍ക്കില്‍ സ്ഥാപിക്കും. ബോധവത്ക്കരണ ക്ലാസുകള്‍ക്കായുള്ള മുറിയില്‍ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്‌കൂളിന്റെ മതിലില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങള്‍ നല്‍കുന്നതിനുള്ള കാര്‍ട്ടൂണുകളും വരക്കും. പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ള മനോഹരമായ പുല്‍തകിടിയില്‍ മൃഗങ്ങളുടെ ശില്‍പ്പങ്ങളാണ് നിര്‍മ്മിക്കുന്നത്. പാര്‍ക്ക് യഥാര്‍ത്ഥ്യമാകുന്നതൊടെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായ വിവരങ്ങള്‍ ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍