99 കോടി കാര്‍ഡുകളില്‍ 70% എടിഎമ്മിലേക്കു മാത്രം

തൃശൂര്‍: ഇന്ത്യയില്‍ പ്രചാരത്തിലുള്ള 99 കോടി ഡെബിറ്റ് കാര്‍ഡുകളില്‍ 70 ശതമാനവും എടിഎമ്മില്‍ മാത്രമാണ് ഉപയോഗി ക്കുന്നതെന്നു റിസര്‍വ് ബാങ്ക്. ഡെബിറ്റ് കാര്‍ഡിന്റെ അനന്തസാധ്യതകള്‍ ഇത്രയും ആളുകള്‍ പ്രയോജനപ്പെടുത്തുന്നില്ല. എടിഎം വഴിയുള്ള പണമിടപാട് ലളിതമാണ്. എന്നാല്‍, പല ബാങ്കുകളും എടിഎം വഴിയുള്ള പ്രതിദിന ഇടപാട് പതിനായിരം രൂപ വരെയാക്കി നിയന്ത്രിച്ചപ്പോള്‍ ആവശ്യത്തിനുള്ള ബാക്കി തുകയ്ക്കായി പലരും ബാങ്കിലേക്ക് ഓടുകയാണ്.
വലിയ തുക കൈകാര്യം ചെയ്യുന്നതിനു ഡെബിറ്റ് കാര്‍ഡ് സഹായിക്കുന്നുണ്ട്. ഇടപാടുകാര്‍ക്കും കട ഉടമയ്ക്കും അതാണ് സൗകര്യം. ഏതു സാധനം വാങ്ങാനും കാര്‍ഡ് ഉപയോഗിക്കാമെന്നിരിക്കേ ഡെബിറ്റ് കാര്‍ഡ് വഴി എടിഎമ്മില്‍നിന്നു പണമെടുത്തു കടകളില്‍ കൊടുത്തു സാധനം വാങ്ങുന്ന രീതിയില്‍നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇനിയും ഭൂരിപക്ഷം ആളുകളും മാറിയിട്ടില്ല.പലചരക്ക്, സിനിമാടിക്കറ്റ്, യാത്രാടിക്കറ്റ്, ഹോം ഡെലിവറി, ഭക്ഷണം, അംഗത്വ കാര്‍ഡുകള്‍, ഇലക്‌ട്രോണിക്‌സ് എന്നിവയ്‌ക്കെല്ലാം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടകളില്‍നിന്ന് ഓഫറുകളും നേടാനാകും. പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) ടെര്‍മിനലുകളിലെ ഇടപാട് അതീവ സുരക്ഷിതവുമാണ്. ചെലവായ തുക അപ്പോള്‍തന്നെ അറിയാനും കഴിയും.2016ല്‍ രണ്ടു ലക്ഷം പിഒഎസ് ടെര്‍മിനലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 34 ലക്ഷമായി ഉയര്‍ന്നിരിക്കുന്നുവെന്നു വീസ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ടി.ആര്‍. രാമചന്ദ്രന്‍ പറഞ്ഞു. കോണ്ടാക്ട്‌ലെസ് കാര്‍ഡുകളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. രണ്ടായിരം രൂപയില്‍ താഴെയുള്ള ഇടപാടുകളും കോണ്ടാക്ട്‌ലെസ് കാര്‍ഡുകളില്‍ കൂടിയിട്ടുണ്ട്. 
കഴിഞ്ഞ ഒക്‌ടോബറില്‍ 1,300 എടിഎമ്മുകള്‍ അടച്ചുപൂട്ടി. കൂടുതല്‍ എടിഎം പൂട്ടുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്. എടിഎം നടത്തിപ്പുചെലവ് കൂടിയതാണ് ഇതിനു കാരണം. ഡെബിറ്റ് കാര്‍ഡിന്റെ സാധ്യതകള്‍ മനസിലാക്കി പണരഹിത ഇടപാടുകള്‍ക്കു മുന്‍തൂക്കം നല്കണമെന്ന് ടി.ആര്‍. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍