25 കോടിയുടെ വാഗ്ദാനം തുറന്നുസമ്മതിച്ച് യെദ്യൂരപ്പ

ബംഗളുരു: കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കൂറുമാറുന്നതിന് 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ തന്റെയെന്നു തുറന്നു സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. ശബ്ദം തന്റേതെന്നു തെളിയിക്കാനായാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെദ്യൂരപ്പ, സ്പീക്കറും സര്‍ക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെ നിലപാട് മാറ്റുകയായിരുന്നു.
ജനതാദള്‍ (എസ്) എംഎല്‍എ നാഗനഗൗഡ കണ്ഡകൂറിന്റെ മകന്‍ ശരണഗൗഡയുമായി കൂടിക്കാഴ്ച നടത്തിയെന്നും നാഗനഗൗഡയെ കൂറുമാറ്റി ബിജെപിയില്‍ ചേര്‍ക്കുന്നതിന്റെ സാധ്യതയെ കുറിച്ച് സംസാരിച്ചുവെന്നും യെദ്യൂരപ്പ സമ്മതിച്ചു. തന്നെ കുടുക്കാന്‍ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് നിലവില്‍ യെദ്യൂരപ്പ സ്വീകരിച്ചിരിക്കുന്ന നിലപാട്. കര്‍ണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുന്പാണ് മുഖ്യമന്ത്രി കുമാരസ്വാമി യെദ്യൂരപ്പയുടെ ശബ്ദരേഖ പുറത്തുവിട്ടത്. സ്പീക്കര്‍ രമേഷ് കുമാറിനെ 50 കോടി രൂപ നല്‍കി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങള്‍ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദ്യൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍