ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിനു മുഖ്യമന്ത്രി 22ന് തറക്കല്ലിടും

കണ്ണൂര്‍: പടിയൂര്‍കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. 
ഇന്‍സ്റ്റിറ്റ്യൂട്ടിനായുള്ള സ്ഥലമേറ്റെടുക്കല്‍ ജൂണ്‍ മാസം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശിലാസ്ഥാപനത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. 
രാജ്യത്തുതന്നെ ആദ്യമായാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാസൗകര്യത്തോടുകൂടിയ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. നിലവില്‍ 300 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടുത്ത പ്രദേശമെന്നതിനാല്‍ വളരെയേറെ സാധ്യതകള്‍ ഇവിടെയുണ്ട്. 300 കോടി രൂപ ചെലവില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങളുള്ള റിസര്‍ച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാംഘട്ടത്തില്‍ നിര്‍മിക്കുക. ഇന്നോളമുള്ള ആയുര്‍വേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാരീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, താളിയോലകളിലെ അറിവുകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന അത്യാധുനിക മാനുസ്‌ക്രിപ്റ്റ് റീഡിംഗ് സെന്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍