നാണയപ്പെരുപ്പം 19മാസത്തെ താഴ്ചയില്‍: പലിശഭാരം വീണ്ടും കുറഞ്ഞേക്കും

കൊച്ചി: ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്കും പുതുതായി വായ്പ തേടുന്നവര്‍ക്കും കൂടുതല്‍ ആശ്വാസം പകര്‍ന്ന് റീട്ടെയില്‍ നാണയപ്പെരുപ്പം ജനുവരിയില്‍ 19 മാസത്തെ താഴ്ചയായ 2.05 ശതമാനത്തിലെത്തി. 2017 ജൂണില്‍ 1.46 ശതമാനം വരെ താഴ്ന്നതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്രവും കുറഞ്ഞ നാണയപ്പെരുപ്പമാണിത്. ഭക്ഷ്യ, ഇന്ധനവിലപ്പെരുപ്പങ്ങള്‍ താഴ്ന്നതാണ് കഴിഞ്ഞമാസം നേട്ടമായത്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പത്തിന്റെ ഗതിയാണ്.ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയില്‍) നാണയപ്പെരുപ്പം ഡിസംബറില്‍ 2.11 ശതമാനത്തിലേക്ക് കുറഞ്ഞത് പരിഗണിച്ച് ഈമാസം ഏഴിന് പ്രഖ്യാപിച്ച ധനനയത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ ശതമാനം കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. ജനുവരിയിലും നാണയപ്പെരുപ്പം താഴ്ന്നതിനാല്‍ ഏപ്രിലിലെ ധനനയ നിര്‍ണയ യോഗത്തിലും പലിശ കുറയ്ക്കാനുള്ള സാദ്ധ്യതയേറി. റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. 2019 ജനുവരിമാര്‍ച്ചില്‍ 2.8 ശതമാനവും ഏപ്രില്‍സെപ്തംബറില്‍ 3.4 ശതമാനവും ഒക്‌ടോബര്‍ഡിസംബറില്‍ 3.9 ശതമാനവുമായിരിക്കും നാണയപ്പെരുപ്പമെന്ന് കഴിഞ്ഞ ധനനയ നിര്‍ണയ യോഗം വിലയിരുത്തിയിരുന്നു.രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുംമുമ്ബ് ഒരുവട്ടം കൂടി റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. കണക്കുകള്‍ കൂടി അനുകൂലമായതിനാല്‍ ഏപ്രിലിലും റിപ്പോനിരക്ക് കുറയാനാണ് സാദ്ധ്യത. ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് തിരിച്ചടവില്‍ കൂടുതല്‍ ലാഭം നേടാന്‍ ഇതുസഹായിക്കും. 2.05%ജനുവരിയില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം 19മാസത്തെ താഴ്ചയായ 2.05 ശതമാനത്തിലെത്തി4% നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.പലിശ താഴേക്ക് നടപ്പുപാദത്തില്‍ (ജനുവരിമാര്‍ച്ച്) നാണയപ്പെരുപ്പം 2.8 ശതമാനമായിരിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഇത്, നിയന്ത്രണ ലക്ഷ്യമായ നാല് ശതമാനത്തേക്കാള്‍ ഏറെക്കുറവ് ആയതിനാല്‍ ഏപ്രിലിലെ ധനനയത്തിലും റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്ക് കുറച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പലിശ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദവുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍