വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് 15 ദിവസത്തിനകം: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ക്ക് അനുമതി ലഭ്യമാക്കാനുള്ള സമയപരിധി വൈകാതെ 15 ദിവസമായി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച 'അസെന്‍ഡ് കേരള 2019' സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവില്‍, വ്യവസായങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ അനുമതി നല്‍കണമെന്നാണ് നിയമം. അതിനകം അനുമതി ലഭിച്ചില്ലെങ്കില്‍ 31ാം നാള്‍ അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭകന് പ്രവര്‍ത്തനം തുടങ്ങാം. ഈ നിയമം സെക്രട്ടേറിയറ്രില്‍ മാത്രമല്ല, വില്ലേജ് ഓഫീസുകള്‍ മുതല്‍ തന്നെ പാലിക്കണം. ഒരു ഉദ്യോഗസ്ഥനും വ്യവസായവുമായി ബന്ധപ്പെട്ട ഒരു കടലാസും വൈകിപ്പിക്കരുത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇത്തരം കാര്യങ്ങളില്‍ 'മുടക്കുകാര്‍' (തടസം നില്‍ക്കുന്നവര്‍) ആകരുത്.രാജ്യത്ത് ഉത്പന്നങ്ങള്‍ ഏറ്റവുമധികം വില്ക്കപ്പെടുന്നത് കേരളത്തിലാണ്. ഉത്പാദനവും കേരളത്തില്‍ വന്‍തോതില്‍ നടക്കണം. അതിന് പുതിയ ഉത്പാദന യൂണിറ്റുകള്‍ വരണം. പുതിയ യൂണിറ്റുകള്‍ നാടിനൊരു സഹായമാണ് എന്ന് മനസിലാക്കി, ബന്ധപ്പെട്ടവര്‍ നിശ്ചിത സമയത്തിനകം അനുമതി നല്‍കണം. പുതിയ വ്യവസായങ്ങള്‍ നാടിനെ ചൂഷണം ചെയ്യാന്‍ വരുന്നുവെന്ന ധാരണ മാറ്റണം. ചെറുകിട വ്യവസായ യൂണിറ്റുകളിലൂടെ ഈവര്‍ഷം 50,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. വന്‍കിട വ്യവസായ യൂണിറ്റുകളും കേരളത്തില്‍ വരണം. അങ്ങനെ 'നവകേരളം' സൃഷ്ടിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വ്യവസായങ്ങള്‍ അതിവേഗം അനുമതി ലഭ്യമാക്കാനുള്ള ഏകജാലക സംവിധാനമായ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്‌ളിയറന്‍സിന്റെ (കെസ്വിഫ്റ്റ്) ഉദ്ഘാടനവും വ്യവസായ വകുപ്പിന്റെ ഇന്‍വെസ്റ്റ്‌കേരള ഗൈഡിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഇന്‍വെസ്റ്റ് കേരള വെബ് പോര്‍ട്ടലിന്റെ പ്രകാശനം ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, ഫിക്കി പ്രസിഡന്റ് സന്ദീപ് സോമാനി, സി.ഐ.ഐ ദക്ഷിണ മേഖലാ ചെയര്‍മാന്‍ ആര്‍. ദിനേശ്, ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം. ഖാലിദ് എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍