സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: മേളയില്‍ 150 സ്റ്റാളുകള്‍

കോഴിക്കോട്: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആയിരം ദിവസം ആയിരം പദ്ധതികള്‍ പതിനായിരം കോടിയുടെ വികസനം എന്ന മൂദ്രാവാക്യവുമായി 20 മുതല്‍ 27 വരെ ബീച്ചില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്പന്ന പ്രദര്‍ശന വിപണന മേള നടത്തും. വിവിധ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാവുക. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റേജ് ഒരുക്കുക. ആരോഗ്യം, കൃഷി, സാമൂഹ്യ നീതി, ഇന്‍ഡസ്ട്രീസ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, വിദ്യാഭ്യാസം, എക്‌സൈസ് എന്നീ വകുപ്പുകളുടെ വികസന സെമിനാറും സാംസ്‌കാരിക പരിപാടികളും നടക്കും. 12,13,14 തിയതികളില്‍ ടൗണ്‍ഹാളില്‍ ഡോക്യു ഫെസ്റ്റ് സംഘടിപ്പിക്കാന്‍ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നാടകസിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ചില പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തും. ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, പഞ്ചായത്തുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ജെആര്‍സി, എന്‍സിസി, എന്‍എസ്എസ്, പ്രവാസികള്‍, വ്യാപാരിവ്യവസായ സംഘടനകള്‍, യുവജനസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സാക്ഷരത പ്രവര്‍ത്തകര്‍, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
സബ് കളക്ടര്‍ വി. വിഘ്‌നേശ്വരി, എഡിഎം റോഷ്‌നി നാരായണന്‍, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബാ മുംതാസ്, ഡിഡിപി സീനിയര്‍ സൂപ്രണ്ട് സി. മുരളീധരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ. ഷീല, ഡിടിപിസി സെക്രട്ടറി സി.പി. ബീന, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം. ശ്രീകുമാര്‍, ഡിഇഎംഒ എം.പി. മണി, പൊതുമരാമത്ത് ബില്‍ഡിംഗ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ഗോകുല്‍ ദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍