ഇന്ത്യയുടെ ആദ്യ എഞ്ചിന്‍രഹിത ട്രെയിന്‍ പ്രധാനമന്ത്രി 15ന് ഫ്‌ളാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച എഞ്ചിന്‍രഹിത സെമിഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 15ന് ഫ്‌ളാഗ് ഓഫ് ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. റെയില്‍വേ മന്ത്രാലയത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ട്രെയിന്‍ 18' എന്നു പേരിട്ടിരുന്ന ട്രെയിന്റെ പരീക്ഷണയോട്ടങ്ങള്‍ വിജയകരമായിരുന്നു. 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമായാണ് ഇവ സര്‍വീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിലായാണ് 16 ബോഗികളുള്ള എഞ്ചിന്‍രഹിത ട്രെയിന്‍ നിര്‍മിച്ചത്. 160 കിലോമീറ്റര്‍ വേഗതയാണ് നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും 180 കിലോമീറ്റര്‍ വേഗത്തിലും പരീക്ഷണയോട്ടം നടത്തിയിരുന്നു. ഓട്ടോമാറ്റിക് വാതിലുകളും പടികളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്പ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിന്‍18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളുള്ള വണ്ടിയില്‍ എട്ട് കോച്ചുകള്‍ ഇത്തരത്തിലുള്ളതാകും. കോച്ചുകളിലെ മറ്റു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയും ഇവിടെനിന്നു ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍