കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ 1,000 കോടി നിക്ഷേപമെത്തും

കൊച്ചി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ നാല് വര്‍ഷത്തിനകം 1,000 കോടി രൂപയ്ക്കുമേല്‍ നിക്ഷേപത്തിന് തയ്യാറായ നാല് കമ്പനികളെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു. യൂണികോണ്‍ ഇന്ത്യ വെന്‍ഞ്ച്വേഴ്‌സ്, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക്, എക്‌സീഡ് ഇലക്‌ട്രോണ്‍ ഫണ്ട്, സ്‌പെഷ്യല്‍ ഇന്‍സ്‌പെക്റ്ര് ഫണ്ട് എന്നീ ഏഞ്ചല്‍ ഫണ്ട് നിക്ഷേപക സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തതെന്ന് കൊച്ചിയില്‍ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. ഞ്ചല്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 'ഫണ്ട് ഒഫ് ഫണ്ട്' മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഷം 15 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപമായി നല്‍കും. അടുത്ത നാല് വര്‍ഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, നാല് ഫണ്ടുകള്‍ ചേര്‍ന്ന് 1,000 കോടിയിലേറെ രൂപയുടെ നിക്ഷേപ സാദ്ധ്യത പറഞ്ഞു. ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തിനകം വാഗ്ദാനം ചെയ്ത നിക്ഷേപത്തിന്റെ 25 ശതമാനമെങ്കിലും ലഭ്യമാക്കണമെന്ന് കരാറായിട്ടുണ്ട്. അതുകൊണ്ട്, സ്റ്റാര്‍ട്ടപ്പുകളില്‍ 300 കോടി രൂപയുടെ നിക്ഷേപം ഉറപ്പാണെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപത്തിന്റെ അപര്യാപ്തത നാല് ഫണ്ടുകളെ തിരഞ്ഞെടുത്തതിലൂടെ പരിഹരിച്ചുവെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍