പോളിടെക്‌നിക്കുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും: മന്ത്രി കെ.ടി. ജലീല്‍

കണ്ണൂര്‍: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍. കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ പുതിയ മുഖ്യപ്രവേശന കവാടത്തിന്റെയും ഡ്രോയിംഗ് ഹാള്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 39 സര്‍ക്കാര്‍ കോളജുകളിലായി 141 അധ്യാപകതസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 1100 പുതിയ അധ്യാപകതസ്തികകള്‍ സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. അധ്യാപകരില്ലാതെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാനാവില്ല. കേരളത്തെ എഡ്യുക്കേഷനല്‍ ഹബ്ബാക്കി വികസിപ്പിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇതരസംസ്ഥാനത്തെയും വിദേശത്തെയും വിദ്യാര്‍ഥികള്‍ ഉണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനുണ്ട്. കേരളത്തിലെ വിദ്യാര്‍ഥികളുടെ സീറ്റ് നഷ്ടപ്പെടാതെ അധികസീറ്റുകള്‍ അനുവദിച്ചാകും ഇതു ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രിയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് 13 ലക്ഷം രൂപ ചെലവിട്ടാണ് മുഖ്യപ്രവേശനകവാടം നിര്‍മിച്ചത്. ഒരു കോടി രൂപയുടെ ബജറ്റ് വിഹിതം ഉപയോഗിച്ചാണ് രണ്ട് ഡ്രോയിംഗ് ഹാള്‍ ഉള്‍പ്പെട്ട ഇരുനില കെട്ടിടം നിര്‍മിച്ചത്. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കൗണ്‍സിലര്‍മാരായ പി.കെ. പ്രീത, എ.പി. അജിത, കണ്ണൂര്‍ നിയമസഭാ മണ്ഡലം വികസനസമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ എം.എ.ബാലകൃഷ്ണന്‍, പി.ഒ.രാധാകൃഷ്ണന്‍, സി. ഹരീന്ദ്രന്‍, എം. അനീഷ്, വി. രാഹുല്‍, ഷാജി തയ്യില്‍, പി. ബീന, പ്രിന്‍സിപ്പല്‍ എം.സി. പ്രകാശന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍