ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനം: ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി

പത്തനംതിട്ട: ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയതില്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര്‍ രാജീവര്‍ വ്യക്തമാക്കി. യുവതി ദര്‍ശനം നടത്തിയതില്‍ സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ശുദ്ധിക്രിയ ആവശ്യമില്ലെന്നും, വേണ്ടി വന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശശികല എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി 10.46ന് ഗുരുസ്വാമിയോടൊപ്പം എത്തി ദര്‍ശനം നടത്തിയത്. പൊലീസ് ഇക്കാര്യം നിഷേധിച്ചെങ്കിലും സി.സി ടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടതോടെ പൊലീസിന്റെയും സ്ഥിരീകരണമുണ്ടായി. രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് ശശികല ദര്‍ശനം നടത്തിയത്. നേരത്തെ ബിന്ദുവും, കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് തന്ത്രിയുടെ നേതൃത്വതത്തില്‍ ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍, ആചാരലംഘനമുണ്ടായെന്ന് സ്ഥിരീകരണമുണ്ടായാല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍