ഖനിയിലെ രക്ഷാദൗത്യം: കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ അടിയന്തര നടപടികളെടുക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. രക്ഷാ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ അതൃപ്തി അറിയിച്ച കോടതി, വിഷയം ജീവിതവും മരണവുമായി ബന്ധപ്പെട്ടതാണെന്നും നിരീക്ഷിച്ചു. ഒരോ നിമിഷവും വിലപ്പെട്ടതാണെന്നും നടപടികള്‍ വേഗത്തിലാകണമെന്നും ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. അവര്‍ എല്ലാവരും മരിച്ചോ അതോ ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യമൊന്നും പ്രസക്തമല്ല. എല്ലാവരെയും പുറത്തെത്തിക്കുക എന്നതാണ് പ്രധാനം. എല്ലാവരും ജീവനോടെ ഉണ്ടാകണമേ എന്ന് ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയാണ്' കോടതി വ്യക്തമാക്കി. മൂന്നാഴ്ചയായിട്ടും രക്ഷാപ്രവര്‍ത്തനം എവിടെയും എത്തിയിട്ടില്ലെന്നും സൈന്യത്തിന്റെ സേവനം തേടാന്‍ വൈകിയെന്നും വിലയിരുത്തിയാണ് കോടതി വിമര്‍ശനം നടത്തിയത്. ഡിസംബര്‍ 13നു അപകടമുണ്ടായിട്ടും ദിവസങ്ങള്‍ക്കു ശേഷമാണ് അപകടത്തെ കുറിച്ചു പുറംലോകം അറിഞ്ഞത്. 320 അടി താഴ്ചയുള്ള എലിമാളം പോലെയുള്ള അനധികൃത ഖനിയില്‍ 15 പേര്‍ കുടുങ്ങിയിട്ട് ഇതുവരെയും അവരെ പുറത്തെത്തിക്കാന്‍ കഴിയാത്തത് പിടിപ്പുകേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തു നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വിശദമാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിച്ചു. ഒരോ നിമിഷവും വിലപ്പെട്ടതാണെന്നും നടപടികള്‍ വേഗത്തിലാകണമെന്നും നിര്‍ദേശിച്ചു.തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ അടിയന്തര നടപടികള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആദിത്യ എന്‍. പ്രസാദ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍