വറ്റി വരണ്ടു പമ്പാനദി ; ജലവിതരണ പദ്ധതികള്‍ പ്രതിസന്ധിയിലാകും

പത്തനംതിട്ട: മഹാപ്രളയം കഴിഞ്ഞ് നാലുമാസം പിന്നിടുന്നതിനു മുന്‌പേ പമ്പാതീരം കടുത്ത ജലക്ഷാമത്തിലേക്ക്.
ദിവസങ്ങളോളം കരകവിഞ്ഞൊഴുകിയ പമ്പാനദി ശോഷിച്ചു.
പ്രളയത്തേ തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണും ചെളിയും കാരണം നദി പലയിടത്തും വശങ്ങളിലേക്ക് ഒഴുകി മാറുകയും മധ്യഭാഗം തെളിയുകയും ചെയ്തിരിക്കുകയാണ്. ചെളി കാരണം ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്ന ലക്ഷണങ്ങള്‍ തീരങ്ങളില്‍ കണ്ടു തുടങ്ങി. ഇതോടെ കിണറുകളും ജലവിതരണ പദ്ധതികളുടെ സ്രോതസുകളും വരണ്ടു തുടങ്ങി. ജനുവരി ആരംഭിച്ചപ്പോള്‍ തന്നെ രൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ പമ്പാതീരത്തു കണ്ടുതുടങ്ങി. ഇരുപതിലധികം പ്രധാനപ്പെട്ട ശുദ്ധജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത് പമ്പാനദിയുമായി ബന്ധപ്പെട്ടാണ്. ഇവയുടെ കിണറുകളും ജലാശയങ്ങളും പമ്പാതീരത്താണ്. പ്രളയം കാരണം പല പദ്ധതികളുടെയും കിണറുകളും ജലസ്രോതസുകളും മണ്ണടിഞ്ഞും മറ്റും ശേഷി കുറഞ്ഞിരുന്നു. ഇത്തരത്തില്‍ പദ്ധതികളില്‍ നിന്നുള്ള പന്പിംഗ് പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വരള്‍ച്ച മൂലമുള്ള പ്രതിസന്ധി നേരിടുന്നത്. കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പമ്പാനദിയെ ആശ്രയിക്കുന്നവരേറെയാണ്. ശബരിമല തീര്‍ഥാടനകാലമായതിനാല്‍ പമ്പാനദിയുമായി ബന്ധപ്പെട്ട കടവുകളില്‍ അയ്യപ്പഭക്തരുടെ തിരക്കുമുണ്ട്. ശബരിമല പന്പയില്‍ പോലും വെള്ളം കുറവാണ്. പമ്പാസ്‌നാനത്തിനു വെള്ളം കുറഞ്ഞതിനാല്‍ കഴിഞ്ഞ മൂന്നുദിവസമായി കുള്ളാര്‍ സംഭരണി തുറന്ന് വെള്ളമൊഴുക്കുകയാണ്. പമ്പ ത്രിവേണിയില്‍ വെള്ളം കുറഞ്ഞതിനാല്‍ പലയിടത്തും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതൊഴുക്കി കളയാനും കുള്ളാറില്‍ നിന്നുള്ള വെള്ളം സഹായമാകുന്നുണ്ട്. പെരുനാട്, വടശേരിക്കര, റാന്നി, പന്തളം ഭാഗങ്ങളിലെല്ലാം തീര്‍ഥാടകര്‍ക്ക് ആശ്രയം പമ്പാനദിയാണ്. ഫെബ്രുവരിയില്‍ നടക്കുന്ന മാരാമണ്‍, ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനുകള്‍ക്കും പന്പാനദിയിലെ ജലമൊഴുക്ക് പ്രധാന ഘടകമാണ്. പമ്പാ തീരത്തെ ആവശ്യങ്ങള്‍ക്ക് നദിയില്‍ ഒഴുക്ക് ഉണ്ടാകേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് പലയിടത്തും സുഗമമായ ഒഴുക്കിനു തടസമാകുന്നുണ്ട്. നദിയുടെ മധ്യഭാഗത്ത് പുറ്റുകള്‍ രൂപപ്പെടാന്‍ ഇതു കാരണമായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍