തൊഴിലുറപ്പ് പദ്ധതി: അധികതൊഴില്‍ ദിനങ്ങളില്‍ ആശങ്ക

കോഴിക്കോട്: സംസ്ഥാനത്ത് എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ ആശങ്ക. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ, അധിക ദിനങ്ങള്‍ ഉപയോഗപ്പെടുത്താനാകില്ലെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. ഈ സാമ്പത്തിക വര്‍ഷം 45 തൊഴില്‍ ദിനങ്ങളാണ് ശരാശരി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആവശ്യ പ്രകാരമാണ് തൊഴില്‍ ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവില്‍ ഏഴ് ജില്ലകള്‍ക്ക് മാത്രമാണ് 50 തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായ 13 ജില്ലകളിലും അധിക തൊഴില്‍ ദിനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് ജില്ലകളിലെ 761 വില്ലേജുകളിലുള്ളവര്‍ക്കാണ് അധിക തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചത്. പ്രളയം ഏറ്റവുമധികം ബാധിച്ച ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകള്‍ക്കാണവ. 2018-19 സാമ്പത്തിക വര്‍ഷത്തില്‍തന്നെ ഈ അധിക തൊഴില്‍ ദിനങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ ഫണ്ട് നഷ്ടപ്പെടും. പ്രളയ ബാധിത പ്രദേശങ്ങളിലാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നാണ് നിര്‍ദേശം. നേരത്തെ 100 തൊഴില്‍ ദിനങ്ങളാണ് പദ്ധതി പ്രകാരമുണ്ടായിരുന്നത്. പ്രളയത്തെ തുടര്‍ന്ന് സാമ്പത്തികമായി നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനാണിത്. പുതിയ തൊഴില്‍ ദിനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാര്‍ഡ് തലത്തില്‍ തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഈ അധിക തൊഴില്‍ ദിനങ്ങള്‍വഴി പുനഃസ്ഥാപിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിയും പുനഃസ്ഥാപിക്കലും, കലുങ്കുകള്‍ പുനഃസ്ഥാപിക്കല്‍, പൊതു ആസ്തികളുടെ പുനഃസ്ഥാപനം, പൊതു കിണറുകളുടെ പുനരുദ്ധാരണം, പൊതു കുളങ്ങളുടെ പുനര്‍നിര്‍മാണം, ജലസേചന കനാലുകളുടെ പുനര്‍നിര്‍മാണം, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുനഃസ്ഥാപനം, കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കല്‍, തടയണകളുടെ നിര്‍മാണവും പുനഃസ്ഥാപനവും തുടങ്ങി വിവിധ പദ്ധതികള്‍ ഇതു വഴി ഏറ്റെടുത്തു നടപ്പാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍