കര്‍ണാടകയില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ 'ഓപ്പറേഷന്‍ ലോട്ടസ്' എന്ന് കോണ്‍ഗ്രസ്

ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ശിവകുമാര്‍

ബംഗലൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ ശക്തിപ്രാപിക്കാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി. 2008ല്‍ യദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കാന്‍ ശ്രമിച്ച തന്ത്രങ്ങളുമായാണ് ബി.ജെ.പി എത്തിയിരിക്കുന്നത്. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍്‌ക്കൊപ്പം മുംബൈയില്‍ എത്തി. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഒരു ഹോട്ടലിലാണ് മൂവരും താമസിക്കുന്നത്. 'ഓപ്പറേഷന്‍ ലോട്ടസിന്റെ' ഭാഗമായി സഖ്യ കക്ഷികളെ അട്ടിമറിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഇവരുടെ നീക്കമെന്നും മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ ആരോപിച്ചു. 'സംസ്ഥാനത്ത് കുതിരക്കച്ചവടം തുടരുകയാണ്. കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുന്നത് എന്തിനാണെന്ന് അറിയാം. അവര്‍ എത്ര രൂപ നല്‍കുമെന്ന് അറിയാമെന്നും' ഡി.ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പി തങ്ങള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ വിവരം പല കോണ്‍ഗ്രസ് എം.എല്‍.എമാരും തുറന്നു പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബി.എസ് യദ്യൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരത ഉറപ്പാക്കാനായി നിരവധി എതിര്‍ കക്ഷി എം.എല്‍.എമാരെ ഇരയിട്ടു പിടിക്കാനായി തയ്യാറാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ ലോട്ടസ്. എന്നാല്‍ അത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് ശിവകുമാറായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍