സംഘര്‍ഷത്തിന് അയവില്ല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ സംഘര്‍ഷത്തിനു അയവുവന്നില്ല. കോഴിക്കോട് പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശശികുമാറിന്റെ വീടിനു നേരെ ബോംബേറുണ്ടായി. പുലര്‍ച്ചെ രണ്ടോടെ ശശികുമാറിന്റെ വീടിനു നേരെ അക്രമികള്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും ദേവസ്വംബോര്‍ഡ് അംഗമായതിനാലാവാം ആക്രമണം ഉണ്ടായതെന്നും ശശികുമാര്‍ പറഞ്ഞു. അടൂരിലും വ്യാപക അക്രമാണ് അരങ്ങേറിയത്. സിപിഎം ജില്ലാ സെക്രട്ടറി ടി.ഡി ബൈജുവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. മുപ്പതോളം പേര്‍ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. സിപിഎം, ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. കാട്ടക്കട പന്തയില്‍ ഷിബുവിന്റെ വീട് എറിഞ്ഞു തകര്‍ത്തു. കാറിനു നേരെയും ആക്രമണം ഉണ്ടായി. വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ഗ്ലാസും തകര്‍ന്നു.
വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചിറക്കല്‍ ധനരാജ് തീയേറ്ററിന് സമീപത്തുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കന് ഗുരുതരമായി പൊള്ളലേറ്റു. വളപട്ടണം മൂപ്പന്‍പ്പാറയിലെ സുരേശനാണ് (53) പരിക്കേറ്റത്. ദേശീയ പാതയിലെ വാഹന യാത്രക്കാര്‍ നല്‍കിയ വിവരമറിഞ്ഞ് വളപട്ടണം പോലീസ് എത്തി തീ കെടുത്തി. ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍കൂരയ്ക്ക് ഭാഗികമായി തീപിടിച്ചു.പരിക്കേറ്റ സുരേശനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് വാതില്‍ തകര്‍ത്ത്അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും അക്രമം തുടരുന്നു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മംഗളൂരുവില്‍ എസി ടെക്‌നീഷ്യനായ കടമ്പാറിലെ ഗുരുപ്രസാദ് (23), സുഹൃത്തും കൂലിപ്പണിക്കാരനുമായ കിരണ്‍ കുമാര്‍ (27), കുമ്പള ഷിറിയയിലെ വസന്തന്‍ (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പതിനൊന്നോടെയാണ്‌സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍