പ്രതിഷേധിച്ചത് കറുപ്പണിഞ്ഞ് തന്നെ; ശാസനാ വാര്‍ത്ത തള്ളി കേരള എംപിമാര്‍

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പാര്‍ലമെന്റിലെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചെന്ന വാര്‍ത്തകള്‍ തള്ളി നേതാക്കള്‍. സഭയ്ക്കുള്ളില്‍ ശബരിമലയില്‍ വിഷയം അവതരിപ്പിച്ചത് സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കറുത്ത ബാഡ്ജ് ധരിച്ചുതന്നെയായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എംപിമാരായ കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, ജോസ് കെ. മാണി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത്. സോണിയ ഗാന്ധി തങ്ങളെ ശകാരിച്ചെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് നിലപാടില്‍ ഉറച്ചുനില്ക്കുമെന്നും വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.യുവതി പ്രവേശത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിച്ചതിനെ പിന്തുണച്ചാണ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ തീരുമാനിച്ചത്. ബാഡ്ജ് കൈമാറുന്നത് കണ്ട സോണിയ ഗാന്ധി ഉടന്‍ തന്നെ ഇടപെടുകയും ഇത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന തരത്തില്‍ ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍