ആസാം സര്‍ക്കാരിനുള്ള പിന്തുണ എജിപി പിന്‍വലിച്ചു

ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ആസാമിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ആസാം ഗണ പരിഷത്(എജിപി) പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ അതുല്‍ ബോറയാണ് ഇതു പ്രഖ്യാപിച്ചത്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, സിക്ക്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്നതാണു പൗരത്വ ഭേദഗതി ബില്‍. ലോക്‌സഭയില്‍ ബില്‍ പാസാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് അതുല്‍ ബോറ പറഞ്ഞു. ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവിധ സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളും ബില്ലിനെ എതിര്‍ക്കുന്നു. 14 അംഗങ്ങളുള്ള എജിപി പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിനു ഭീഷണിയില്ല. 126 അംഗ സഭയില്‍ ബിജെപിക്ക് 61 പേരാണുള്ളത്. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെ 12 അംഗങ്ങളും സര്‍ക്കാരിനു പിന്തുണ നല്കുന്നു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 25 അംഗങ്ങളാണുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍