കവിതാ മോഷണവിവാദം ; വിശദീകരണവുമായി ദീപ നിശാന്ത്

കോപ്പിയടി ആരോപണത്തിന്റെ മുനയൊടിച്ച് കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്.ഫേസ് ബക്കിലൂടെയാണ് ദീപ നിശാന്ത് മറുപടിയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് അക്കൗണ്ടിലെ ബയോ ആയി നല്‍കിയിരിക്കുന്നത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍ എഴുതിയ കവിതയിലെ വരികളാണെന്നതാണ് പുതിയ ആരോപണം. എന്നാല്‍ ഈ വരികള്‍ ആദ്യമായി കേട്ടിട്ടുള്ളത് കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നും നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടീച്ചര്‍ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നതായും ദീപ നിശാന്ത് വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികള്‍ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്‌സപ്പിലുമിടാറുണ്ടെന്നും പലപ്പോഴും രചയിതാവിന്റെ പേര് നമ്മള്‍ പോലും ഓര്‍ത്തോളണം എന്നില്ലെന്നും ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. എന്നാല്‍ ഇതൊക്കെ ഒരു കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോര്‍ത്ത് സത്യത്തില്‍ സഹതാപമുണ്ടെന്നും അവര്‍ പ്രതികരിക്കുന്നു.യുവജനോത്സവത്തില്‍ വിദ്യാര്‍ത്ഥി എഴുതിയ കവിതയിലെ വരികള്‍ കടപ്പാട് നല്‍കാതെ മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിച്ചത് കേരളവര്‍മ്മ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന സംഗീതയാണ്. ശരത് ചന്ദ്രന്‍ എന്ന യുവകവിയുടെ വരികള്‍ അറിയപ്പെടുന്ന എഴുത്തുകാരിയായ ദീപ നിശാന്ത് സ്വന്തമെന്ന രീതിയില്‍ നല്‍കിയത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഫേസ്ബുക്കില്‍ സംഗീത കുറിച്ചിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ബയോയില്‍ നിന്നും വരികള്‍ ദീപ നിശാന്ത് മാറ്റിയിരുന്നു പിന്നാലെയാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. യുവ കവി കലേഷിന്റെ കവിത സ്വന്തം പേരില്‍ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയില്‍ നല്‍കിയതിന് ഇതിന് മുന്‍പും ദീപ നിശാന്തിനെതിരെ സാഹിത്യ ചോരണത്തിന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ സംഭവത്തില്‍ ദീപ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍