ജനജീവിതത്തെ വലച്ച് പണിമുടക്ക്; കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി

ട്രെയിന്‍ ഗതാഗതം താറുമാറായി

കോഴിക്കോട് : ദേശീയ പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. അന്തര്‍സംസ്ഥാന സര്‍വീസുകളും മുടങ്ങി. അതേസമയം, തിരുവനന്തപുരം-പമ്പ സര്‍വീസുകളും കുറവാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും സമരനാകുലികള്‍ ട്രെയിനുകള്‍ തടഞ്ഞു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്തുനിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട വേണാട് എക്പ്രസ് സമരാനുകൂലികള്‍ തടഞ്ഞതോടെ ഒന്നര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. രപ്തിസഗാര്‍ എക്‌സ്പ്രസും സമരാനുകൂലികള്‍ തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എറണാകുളത്തും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍ തൃപ്പുണിത്തുറയിലാണ് തടഞ്ഞത്. ചെന്നൈ-മംഗളൂരു മെയില്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോട്ട് സമരക്കാര്‍ തടഞ്ഞു. കായംകുളം റെയില്‍വേ സ്റ്റേഷനിലും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. വഞ്ചിനാട് എക്‌സ്പ്രസാണ് തടഞ്ഞത്. ചേളാരി ഐഒസിയിലും കൊച്ചി തുറമുഖത്തും ജോലിക്കെത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ തടഞ്ഞു. രാവിലെ എട്ടുമണിക്കുശേഷം ജോലിക്കെത്തിയവരെയാണ് തടഞ്ഞത്. കാക്കനാട്ടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ജോലിക്കെത്തിയ ജീവനക്കാരെയും തടഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെ.എസ്.ആര്‍.ടി.സിക്ക് പുറമെ സ്വകാര്യബസുകളും സര്‍വീസ് നടത്തുന്നില്ല. ആട്ടോ ടാക്‌സികളും ഓടുന്നില്ല. അദ്ധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ കൂടി പണിമുടക്കിയതിനാല്‍ ജനജീവിതം നിശ്ചലമായി. ആശുപത്രികള്‍, വിമാനത്താവളം, വിവാഹങ്ങള്‍, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനവും തടസപ്പെടില്ല. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക ,വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി പണിമുടക്ക് നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍