കണ്ണൂരില്‍നിന്ന് മസ്‌കറ്റിലേക്കു സര്‍വീസ് നടത്താന്‍ ഗോ എയറിന് അനുമതി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മസ്‌കറ്റിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അഥോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍മസ്‌കറ്റ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ ഏഴു സര്‍വീസുകളായിരിക്കും ഉണ്ടാകുക. 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍സമയം 10.15നാണ് മസ്‌കറ്റിലെത്തുക. മസ്‌കറ്റില്‍നിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. മസ്‌കറ്റിനുപുറമെ കണ്ണൂര്‍അബുദാബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് ഗോ എയര്‍ പ്രതിദിന സര്‍വീസ് 10 മുതല്‍ ആരംഭിച്ചിരുന്നു. രാത്രി 11 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയില്‍നിന്ന് അര്‍ധരാത്രി 12.45ന് പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തുന്ന തരത്തിലാണു സര്‍വീസ്.ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നിലവില്‍ ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്ക് കൂടിയതിനാല്‍ ബംഗളൂരുവിലേക്ക് രാവിലെ പ്രതിദിന സര്‍വീസും തുടങ്ങിയിരുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് കമ്പനികളുടെ സര്‍വീസും വൈകാതെ കണ്ണൂരില്‍നിന്നുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍