മകരജ്യോതി ഇന്ന്; നിര്‍വൃതി തേടി ഭക്തസഹസ്രങ്ങള്‍

ശബരിമല: മലമുകളില്‍ തെളിയുന്ന പുണ്യജ്യോതിയുടെ നിര്‍വൃതി തേടി ഭക്തസഹസ്രങ്ങള്‍. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു മുന്നില്‍ നടക്കുന്ന ദീപാരാധനയ്‌ക്കൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയുടെ നിര്‍വൃതിയും പിന്നാലെ മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ടാണ് അയ്യപ്പഭക്തര്‍ കാത്തിരിക്കുന്നത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ഇന്ന് വൈകുന്നേരം അഞ്ചോടെ ശരംകുത്തിയിലെത്തും. ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേര്‍ന്നു തിരുവാഭരണങ്ങള്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തിക്കും. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം സ്വീകരിക്കും.ശ്രീകോവിലിനു മുമ്പില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് നട അടച്ച് തിരുവാഭരണങ്ങള്‍ അണിയിച്ച് നട തുറക്കും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് 6.30 ഓടെ ദീപാരാധന നടക്കും. ഇതേസമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. ഇത്തവണ 7.52 നാണ് മകരസംക്രമപൂജയും നെയ്യഭിഷേകവും നടക്കുക. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നെത്തിക്കുന്ന നെയ്യാണ് സംക്രമപൂജയ്ക്ക് ഉപയോഗിക്കുന്നത്.സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരംരാശിയിലേക്കു മാറുന്നതിനോടനുബന്ധിച്ചാണ് മകര സംക്രമപൂജ. മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ സന്നിധാനത്തും പരിസരങ്ങളും പര്‍ണശാലകള്‍ കെട്ടി തങ്ങുകയാണ്. ജ്യോതിദര്‍ശനം സാധ്യമായ എല്ലാ സ്ഥലങ്ങളിലും തിരക്കേറിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ കൂടുതല്‍ അയ്യപ്പഭക്തര്‍ മല കയറുന്നുണ്ട്. സന്നിധാനത്തും പമ്പയിലുമായി എട്ട് സ്ഥലങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിനു പ്രത്യേക ക്രമീകരണം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍