സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു; നാടകീയ രംഗങ്ങള്‍ തുടരുന്നു

ന്യൂഡല്‍ഹി: സി.ബി.ഐ യില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. അലോക് വര്‍മ്മയെ സ്ഥാനം മാറ്റിയതിന് പിന്നാലെ നാഗേശ്വര റാവു വീണ്ടും ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിന് പിന്നാലെ രാത്രി ഒന്‍പത് മണിക്ക് തന്നെ നാഗേശ്വര റാവു താല്കാലിക ഡയറക്ടറായി ചുമതലയേറ്റെന്ന് സി.ബി.ഐ വ്യക്തമാക്കി. സമിതി കാര്യങ്ങള്‍ തീരുമാനിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ നാഗേശ്വര റാവു ഇടക്കാല ഡയറക്ടറായി ചുമതലയേറ്റതായി സി.ബി.ഐ വ്യക്തമാക്കി. നാഗേശ്വര റാവുവിന് വീണ്ടും സി.ബി.ഐ ആസ്ഥാനത്തിന്റെ അധികാരം കൈവന്നിരിക്കുകയാണ്.
നേരത്തേ അലോക് വര്‍മ്മക്കെതിരെയുള്ള ആരോപണങ്ങള്‍ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്തിരുന്നു. അലോക് വമ്മക്കെതിരെ പത്ത് ആരോപണങ്ങളാണ് ഉള്ളത്. പത്തില്‍ നാലെണ്ണം റദ്ദാക്കണമെന്നും നാലെണ്ണത്തില്‍ കഴമ്പുണ്ടെന്നും സിബിസി സൂചന നല്‍കുന്നു. രണ്ടെണ്ണത്തില്‍ ക്രിമിനല്‍ നടപടി വേണമെന്നും സി.ബി.സി നിര്‍ദേശിച്ചിരിക്കുന്നത്. ആരോപണങ്ങളെ സംബന്ധിച്ച് നാഗേശ്വര റാവു ഇന്ന് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. ആരോപണങ്ങളില്‍ മിന്നല്‍ നടപടി വേണമെന്നും സി.ബി.സി ആവശ്യപ്പെട്ടു.എന്നാല്‍ തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്ന് അലോക് വര്‍മ്മ പറഞ്ഞു.
സി. വി. സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടര മാസം മുന്‍പ് അലോക് വര്‍മ്മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധി നല്‍കി മാറ്റിയത്. അതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ പരിമിതമായ അധികാരങ്ങളോടെ തിരിച്ചെടുക്കുകയായിരുന്നു. സി.വി.സി റിപ്പോര്‍ട്ട് പരിഗണിച്ച് പ്രധാനമന്ത്രിയുടെ സമിതി ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. 
സമിതി തീരുമാനം എടുക്കും വരെ അലോക് വര്‍മ്മ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ അന്ന് തന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും ഇന്നലെ മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വര്‍മ്മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം. നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.
ബുധനാഴ്ച രാത്രി ഉന്നതതല സമിതി ചോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സി. വി. സി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ചില രേഖകള്‍ വേണമെന്നും അലോക് വര്‍മ്മയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും സമിതി ചേര്‍ന്നത്.
ഇന്നലത്തെ യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. റാഫേല്‍ ഇടപാടിന്റെ പേരിലാണ് അലോക് വര്‍മ്മയെ മാറ്റാന്‍ മോദി ധൃതി കാട്ടുന്നതെന്നും റാഫേല്‍ കാരണമാണ് വര്‍മ്മയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കാത്തതെന്നും രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍